രാജ്യത്താദ്യമായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും സംസ്ഥാന തൊഴിൽ വകുപ്പും ചേർന്ന് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു.

Share

തിരുവനന്തപുരം: അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ) സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) ചേർന്ന് സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനവുമായി കോഴ്‌സ് തുടങ്ങാൻ ഐ.എൽ.ഒ സഹകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ഐ.എൽ.ഒ ഡെപ്യൂട്ടി ഡയറക്ടർ സതോഷി സസാകിയും പരസ്പരം കൈമാറി. ഐ.എൽ.ഒയുടെ പഠന, പരിശീലന വിഭാഗമായ ഇന്റർനാഷനൽ ട്രെയിനിംഗ് സെന്ററുമായി (ഐ.ടി.സി) ചേർന്ന് നടത്തുന്ന 12 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന്റെ ആദ്യ ബാച്ച് ഓഗസ്റ്റിൽ തുടങ്ങും.

ഓൺലൈനായും ഓഫ്‌ലൈനായും ഹൈബ്രിഡ് രീതിയിൽ നടത്തുന്ന കോഴ്‌സിന് 30 സീറ്റുകളാണുള്ളത്. ഓഫ്‌ലൈൻ പഠനകേന്ദ്രം തിരുവനന്തപുരത്തെ കിലെ ക്യാമ്പസ് ആയിരിക്കും. അന്താരാഷ്ട്ര തൊഴിൽ സംഘടന സ്‌പോൺസർ ചെയ്യുന്ന ആദ്യ ബാച്ച് സൗജന്യമാണ്. സോഷ്യൽ ഡയലോഗ്, കലക്ടീവ് ബാർഗെയിനിംഗ് എന്നിങ്ങനെ മാറിയ ആഗോള തൊഴിൽ സാഹചര്യങ്ങൾക്കനുസൃതമായിട്ടാണ് കോഴ്‌സ് സിലബസ് രൂപകല്പന ചെയ്തിരിക്കുന്നത്.

സിലബസിലെ ഇന്ത്യൻ ഭാഗം കിലെയും അന്താരാഷ്ട്ര ഭാഗം ഐ.എൽ.ഒയും ആണ് തയാറാക്കിയിട്ടുള്ളത്. കിലെയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കോഴ്‌സ് തുടങ്ങുന്നതെന്ന് പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.