17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; 53 കാരന് പുനർജന്മം

Share

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗിയുടെ നട്ടെല്ലിനു കീഴ്ഭാഗത്തെ ട്യൂമർ നീക്കം ചെയ്തു.  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോസർജറി , സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി  വിഭാഗങ്ങൾ  സംയുക്തമായി നടത്തിയ ശസ്ത്രക്രിയയാണ് പാലോട് സ്വദേശിയായ 53 കാരൻ്റെ ജീവൻ രക്ഷിച്ചത്.

അത്യന്തം അപകടകരമായ നിലയിൽ വളർന്ന സേക്രൽ കോർഡോമ എന്നറിയപ്പെടുന്ന ട്യൂമറുമായി കഴിഞ്ഞ ജൂലായ് മാസത്തിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലമൂത്ര വിസർജനത്തിനുള്ള ബുദ്ധിമുട്ടും  ഇരു കാലുകളിൽ നീരും അതിതീവ്രമായ വേദനയുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ രോഗിയുടെ ജീവനു തന്നെ ഭീഷണിയായി വളർന്നു നിൽക്കുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജൂലായ് 20ന് വിവിധ ചികിത്സാ വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ചു.
നട്ടെല്ലിന്റെ കീഴ്ഭാഗത്തു നിന്നായിരുന്നു ട്യൂമറിൻ്റെ ഉത്ഭവം.  അവിടെ നിന്നും ട്യൂമർ വളർന്ന് പിറകിലോട്ടും, മുൻവശത്ത് മലാശയത്തിലും വൻകുടലിലും തട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നു. 

രാവിലെ എട്ടിന് ആരംഭിച്ച 21 ന് പുലർച്ചെ ഒന്നിനാണ് അവസാനിച്ചത്.  ശസ്ത്രക്രിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോസർജറി , സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി എന്നീ വിഭാഗങ്ങൾ ചേർന്നാണ് നടത്തിയത്. മലാശയത്തിനും  നാഡീവ്യൂഹങ്ങൾക്കും  കേടു  സംഭവിക്കാതെ ഉദരഭാഗത്തിലൂടെയും ശരീരത്തിന്റെ പിൻഭാഗത്തിലൂടെയുമാണ് ശസ്ത്രക്രിയ ചെയ്തു മുഴ നീക്കിയത്. ശത്രക്രിയക്ക് ശേഷം നട്ടെല്ലിനു  ബലക്ഷയം വരാതിരിക്കാൻ നട്ടെല്ലും ഇടുപ്പെല്ലുകളും തമ്മിൽ സ്‌ക്രൂകളും കമ്പികളും ഉപയോഗിച്ച് ബന്ധിപ്പിച്ചു  ബലപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയ രോഗിയെ ചിട്ടയോടുള്ള ഫിസിയോതെറാപ്പിക്കുശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു.


ന്യൂറോസർജറി വിഭാഗത്തിലെ ഡോ കെ എൽ സുരേഷ്‌കുമാർ, ഡോ ബി എസ്  സുനിൽകുമാർ, ഡോ എൽ എസ് ജ്യോതിഷ്, ഡോ സാനു വിജയൻ, ഡോ വി അഭിഷേക്, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിലെ  ഡോ രമേശ് രാജൻ ,  ഡോ സുഭാങ്കർ സാഹ,  ഡോ റിസ്‌വാൻ, യൂറോളജി  വിഭാഗത്തിൽ  നിന്നും  ഡോ പി ആർ സജു, ഡോ കെ പി നിർമ്മൽ.    അനസ്തേഷ്യ വിഭാഗത്തിലെ ഡോ ഉഷാകുമാരി, ഡോ ജയചന്ദ്രൻ, നഴ്‌സുമാരായ  മായ, മാലിനി, സിബി, ശ്രീലേഖ, ഫ്ലോറ, ഷീജ, സയന്റിഫിക് അസിസ്റ്റന്റ് റെസ്‌വി, നിസ, അനതേഷ്യാ ടെക്‌നിഷ്യൻ സുധീഷ്,തീയറ്റർ സ്റ്റാഫ് പ്രതീഷ്, വിഷ്ണു, നിബിൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു .


നട്ടെല്ലിന്റെ എല്ലാവിധ രോഗങ്ങൾക്കുമായുള്ള സ്പയിൻ സ്പെഷ്യാലിറ്റി ക്ലിനിക്ക് എല്ലാ വ്യഴാഴ്ചകളിലും രാവിലെ പത്തു മണി മുതൽ ഉച്ചക്ക് പന്ത്രണ്ടുവരെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *