പ്രതിപക്ഷ നേതാവ് പിണറായി വിജയനെ
സംരക്ഷിയ്ക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണെന്നും മുമ്പ് അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങളൊക്കെയുണ്ടായിരുന്നുവെന്നും അമ്പലപ്പുഴ എം.എൽ.എ ജി.സുധാകരൻ.
കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് ഇന്ന് പിണറായി.
വ്യക്തിപരമായി പിണറായിയെ ഞാൻ ആക്ഷേപിക്കില്ല. പിണറായിയുടെ സ്നേഹം ഒരിക്കലും മറക്കില്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണ് അദ്ദേഹവുമായുള്ളത്. പിണറായി ഇപ്പോഴും പവർഫുള്‍ തന്നെയാണ്, അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നങ്ങളുമില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വകതിരിവ് കാണിക്കണം. എം.വി. ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. തെറ്റ് പറ്റിയാല്‍ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം.വി. ഗോവിന്ദനെ ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാല്‍ എങ്ങനെയാണ് വർഗവഞ്ചകനാവുക.എം.വി.ഗോവിന്ദനാണ് യഥാർത്ഥ വർഗവഞ്ചകൻ. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാള്‍ക്ക് നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു.
എം.വി. ഗോവിന്ദൻ പറയുന്നത് ആർക്കെങ്കിലും മനസിലാകുന്നുണ്ടോ? വായടയ്ക്കുന്നതാണ് അയാള്‍ക്ക് നല്ലത്. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്ന് പത്രക്കാർ മാത്രമാണ് പറയുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോല്‍പ്പിച്ച ഗോവിന്ദന് പാർട്ടിയെ നയിക്കാൻ ഒട്ടും കെല്പില്ലെന്നും അയാള്‍ വെറുമൊരു അധികപ്പറ്റാണ്. കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ലെന്നും സ്വയം തിരുത്താൻ കഴിയാത്തയാള്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താൻ കഴിയുക. ഈ സ്ഥാനത്തിരിക്കാൻ ഗോവിന്ദൻ ഒട്ടും യോഗ്യനല്ലെന്നും നാണമുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് പോകണം.