കുട്ടനാട്‌ നെല്ലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ പ്രത്യേക സമിതി: മന്ത്രി ടി.സിദ്ധിഖ്

Share

അപ്പര്‍ കുട്ടനാട്‌,കുട്ടനാട്‌ എന്നിവിടങ്ങളില്‍ നെല്ലുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ധിഖ്.

നെല്ലിന്റെ ഗുണമേന്മ സംബന്ധിച്ചു കര്‍ഷകരില്‍ നിന്നു പരാതി ഉയരുന്ന സാഹചര്യത്തിലാണിത്.

ഗുണമേന്മയില്ലെന്നു പറഞ്ഞ് നെല്ല് സംഭരിക്കാതിരിക്കുന്നതും കിഴിവിന്റെ പേരിൽ നടക്കുന്ന തട്ടിപ്പും ഇതോടെ ഇല്ലാതാക്കും.
നെല്ലിന്റെ നിറം മാറുന്നതു സംബന്ധിച്ചു പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും സമിതിയെ ചുമതലപ്പെടുത്തിട്ടുണ്ടെന്നു കൃഷി മേഖലയുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

ഒരാഴ്‌ചക്കകം കര്‍ഷകരുമായും ബന്ധപ്പെട്ടവരുമായും ആശയവിനിമയം നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

തരിശ്‌ നിലങ്ങളുടെ മാപ്പിംഗ് ഒരുമാസം കൊണ്ട്‌ പൂര്‍ത്തിയാക്കും. നെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കും.
തകര്‍ന്നതും മൂടപ്പെട്ടതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കൃഷി ഇടങ്ങളിലേക്കുള്ള ജലസേചന സംവിധാനങ്ങളെ കുറിച്ച്‌ പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു.

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട്‌ ആര്‍.കെ.വി.വൈ ഫണ്ട്‌ വിനിയോഗം സംബന്ധിച്ച അവലോകനവും നടത്തി. വന്യമൃഗശല്യം തടയാന്‍ ഉപയോഗിക്കുന്ന ഫണ്ടിന്റെ പരിപാലനം സംബന്ധിച്ച അപര്യാപ്‌തത പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനം ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

കൃഷിവകുപ്പിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ ജോലി സംബന്ധമായ സമയ വിനിയോഗത്തിന്റെ ഡാറ്റാ ശേഖരണം ആരംഭിക്കാനും തീരുമാനിച്ചു.

കൃഷിവകുപ്പ്‌ നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ചും യോഗം ചര്‍ച്ച നടത്തി. പ്രകൃതി ക്ഷോഭ ദുരിതാശ്വാസ തുക കര്‍ഷകര്‍ക്കു ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *