‘സേവനങ്ങൾ വാതിൽപ്പടിയിൽ’ : ഇനി വൈദ്യുതി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല

Share

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഒരു തവണ പോലും സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ, പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ ഫോണ്‍ കാളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലേക്കും വ്യാപിപ്പിക്കും എന്ന് ബഹു.വൈദ്യുതി മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ഉപഭോക്താക്കള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബഹു.മന്ത്രി അഭിപ്രായപ്പെട്ടു.

പ്രസ്തുത മൊബൈല്‍ ആപ്പിലൂടെ, നിയോഗിക്കപ്പെട്ട വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും, സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ അപ് ലോഡ് ചെയ്യുന്ന രീതിയുമാണ് അവലംബിക്കപ്പെടുന്നത്.

ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ ലെസ്സ് ഒഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും നഷ്ടപ്പെടാതെ ഡിജിറ്റല്‍ മാതൃകയില്‍ സൂക്ഷിച്ചു വയ്ക്കുവാനും കഴിയും.

ചടങ്ങില്‍ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് ഐഎഎസ്, ശ്രീ.പി.കുമാരന്‍, ഡയറക്റ്റര്‍ (ഡിസ്ട്രിബ്യൂഷന്‍), മറ്റുന്നത കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്

Leave a Reply

Your email address will not be published. Required fields are marked *