വെള്ളക്കുള്ളൻ പുനർജനി: ഗവേഷകരിൽ കൊല്ലം സ്വദേശിയും

Share

കൊച്ചി: ഇന്ധനം കത്തിത്തീർന്ന്‌  വെള്ളക്കുള്ളന്‍മാരാ’ (white dwarfs) യി അവസാനിക്കുന്ന നക്ഷത്രങ്ങളുടെ പുനർജനി ചിത്രീകരിച്ച്‌ ശാസ്‌ത്രലോകം. പുനര്‍ജനിക്കുന്ന ഒരു വെള്ളക്കുള്ളൻറെ  ബാഹ്യഘടന നിരീക്ഷിച്ച് അതിൻറെ  ഉന്നത റിസല്യൂഷന്‍ ചിത്രം പകര്‍ത്തുന്നതില്‍ ആദ്യമായി വിജയിച്ചിരിക്കുന്നത്‌ കൊല്ലം സ്വദേശി രാംലാല്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെട്ട രാജ്യാന്തര ഗവേഷണസംഘമാണ്‌.  ‘ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി’ൻറെ  പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അക്വിലെ (Aquilae) നക്ഷത്രരാശിയിലെ വി 605എന്ന വെള്ളക്കുള്ളന്‍ നക്ഷത്രത്തിൻറെ   പുനര്‍ജനനമാണ് നിരീക്ഷിച്ചതെന്ന്‌  രാംലാല്‍ ഉണ്ണികൃഷ്ണന്‍  പറഞ്ഞു. അക്വില (Aquila, ഗരുഡന്‍) നക്ഷത്രരാശിയില്‍ തിരുവോണം നക്ഷത്രത്തിൻറെ  ദിശയിലാണ് ആ വെള്ളക്കുള്ളൻറെ  സ്ഥാനം.

ramlal
രാംലാല്‍ ഉണ്ണികൃഷ്ണന്‍

സ്വീഡനില്‍ ചാല്‍മേര്‍സ് സാങ്കേതിക സര്‍വ്വകലാശാലയുടെ ഓണ്‍സാല സ്‌പേസ് ഒബ്‌സര്‍വേറ്ററിയില്‍ സീനിയര്‍ ഗവേഷകനായ ഡോ.ഡാനിയേല്‍ തഫോയ, മെക്‌സിക്കോ നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോ.ഹെസൂസ് തൊവാല, ചാല്‍മേഴ്‌സ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രാംലാല്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്.

കൊല്ലം ജില്ലാ ട്രഷറിയില്‍ നിന്ന് വിരമിച്ച ഉളിയക്കോവില്‍ സ്വദേശി ഉണ്ണികൃഷ്ണന്റെയും ശ്രീലതയുടെയും മകനാണ് രാംലാല്‍ ഉണ്ണികൃഷ്ണന്‍. കൊല്ലം കേന്ദ്രീയ വിദ്യാലയലത്തിലെ പഠനത്തിന് ശേഷം, ഒറീസ്സയിലെ റൂർക്കേല എന്‍.ഐ.റ്റി.യില്‍ നിന്ന് ഫിസിക്‌സിലും ജ്യോതിശാസ്ത്രത്തിലും ബിരുദവും ബിരുദാനന്തബിരുദവും നേടിയ രാംലാല്‍, സ്വീഡനിലെ ചാൽമേർസ് സാങ്കേതിക സർവകലാശാലയുടെ ഓൺസാല സ്പേസ് ഒബ്‌സര്‍വേറ്ററിയില്‍ ജ്യോതിശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയാണ്.

ലോകത്തിലെ ഏറ്റവും മികച്ച റേഡിയോ ടെലിസ്കോപ്പായ ചിലിയിലെ അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്‌മില്ലിമീറ്റർ  അറേ (അൽമ, ALMA)
ഉപയോഗിച്ച് ഇവർ നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി ഒരു പുനർജനിച്ച നക്ഷത്രത്തിൽനിന്നു തന്മാത്രാപ്രസരണം (molecular emission) കണ്ടെത്തുകയായിരുന്നു.

വളരെ വലുതും അതീവ ഭാരമേറിയതുമായ നക്ഷത്രങ്ങൾ അവയുടെ അസ്തിത്വത്തിന്റെ അവസാന ഘട്ടത്തിൽ തമോഗർത്തങ്ങളും (black holes) സൂപ്പർനോവകളും മറ്റുമായി പരിണമിക്കുകയാണ്‌ പതിവ്‌. എന്നാൽ  സൂര്യനുൾപ്പടെ ശരാശരി പിണ്ഡമുള്ള നക്ഷത്രങ്ങൾ കാലക്രമേണയുള്ള പരിണാമത്തിനൊടുവിൽ അണുസംയോജന (nuclear fusion) പ്രക്രിയ അവസാനിച്ച്, ബാഹ്യപാളികൾ (outer layers) പ്ലാനെറ്ററി നെബുല (planetary nebula) എന്നറിയപ്പെടുന്ന മനോഹരമായ പ്രതിഭാസത്തിൽ പുറംതള്ളും.  അതിസാന്ദ്രമായ കാമ്പ് (core) മാത്രമേ പിന്നീട്‌ അവശേഷിക്കുകയുള്ളൂ.  നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ, ഈ ഘട്ടത്തെയാണ്‌ വെള്ളക്കുള്ളൻ എന്ന്‌ വിളിക്കുന്നത്‌.  സാധാരണഗതിയിൽ  നക്ഷത്രങ്ങളുടെ മരണമായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. ആകാശഗംഗയിലെ (Milky Way) ഏതാണ്ട്‌ 97% നക്ഷത്രങ്ങളുടെയും അന്ത്യം  ഈവിധത്തിലാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

എന്നാൽ ചുരുക്കം ചില നക്ഷത്രങ്ങൾ ഈ ദശയിൽ എത്തിയതിനു ശേഷം വീണ്ടും ജ്വലനം ആരംഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1919 മുതൽ തന്നെ ഈ ഘട്ടത്തിലാണെന്നു വിശ്വസിക്കപ്പെടുന്ന നക്ഷത്രങ്ങളിൽ അപൂർവം ചിലതിൽ വിചിത്രമായ തീക്ഷ്ണതാ വ്യതിയാനങ്ങൾ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും സൂക്ഷ്മമായ നിരീക്ഷണം സാധ്യമാക്കുന്ന ടെലിസ്കോപ്പുകളുടെയും മറ്റും അഭാവം മൂലം  തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ശാസ്ത്രലോകം ഇതേപ്പറ്റിഗൗരവമായി പഠിച്ചു തുടങ്ങുന്നത്. ജാപ്പനീസ് അമച്ച്വർ വാനനിരീക്ഷകൻ യൂകിയോ  സകുറായ് 1995-ൽ ധനു (Sagittarius) രാശിയിൽ കണ്ടെത്തിയ സകുറായ്സ് ഒബ്ജക്റ്റ് (Sakurai’s Object, V4334 Sagittarii) ആണ് ആദ്യമായി കണ്ടെത്തിയ “പുനർജ്ജനി നക്ഷത്രം”.

പ്ലാനെറ്ററി നെബുലകളാൽ ആവരണം ചെയ്യപ്പെട്ട, മുമ്പേതന്നെ ഒരാവർത്തി ജ്വലനമസ്തമിച്ചു കഴിഞ്ഞ ഇത്തരം നക്ഷത്രങ്ങളിൽ പുനർജ്വലനം ആരംഭിക്കുന്നത് ഹീലിയം ഫ്ലാഷ് (Helium flash) എന്ന സങ്കീർണമായ പ്രതിഭാസത്തിലൂടെയാണെന്ന്‌ രാംലാല്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തന്മാത്രാ/ധൂളി- സമ്പന്നമായ ബാഹ്യപാളികൾ പുറംതള്ളിയതിനുശേഷം ബാക്കിയാവുന്ന “മരണപ്പെട്ട” കേന്ദ്രപിണ്ഡത്തിൻറെ  പുറംതട്ടിൽ അപൂര്‍വ്വമായി നിശ്ചിത അളവിൽ കൂടുതൽ ഹീലിയവും ഹൈഡ്രജനും അവശേഷിച്ചാൽ, ആ ഹൈഡ്രജൻ അണുസംയോജനം വഴി ക്രമേണ ഹീലിയമായി മാറുകയും, അതുവഴി മൊത്തം ഹീലിയത്തിൻറെ  അളവ് അതിൻറെ  തുടർസംയോജനത്തിനാവശ്യമായ നിലയിലേക്ക് എത്തുകയും ചെയ്യുന്നു.  ഇതോടെ ഇത്തരം വൈറ്റ് ഡ്വാർഫുകളുടെ പുറംതട്ടിൽ മൂന്നു ഹീലിയം ആറ്റങ്ങൾ കൂടിച്ചേർന്ന് കാർബൺ രൂപപ്പെടുന്ന ആണവ പ്രക്രിയ (triple-alpha process) ആരംഭിക്കുന്നു. വളരെ തീക്ഷ്‌ണവും സ്ഫോടനാത്മകവുമായി ആരംഭിക്കുന്ന ഈ പ്രക്രിയിലൂടെ  നക്ഷത്രം നാടകീയമായി“പുനർജ്ജനിക്കുകയും” ചെയ്യുന്നു.

ആകെയുള്ള വൈറ്റ് ഡ്വാർഫുകളുടെ നാലിലൊന്നുമാത്രമേ ഇത്തരത്തിൽ പുനർജനിക്കൂ.Leave a Reply

Your email address will not be published.