‘വീട് ഒരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കമായി

Share

കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ” വീട് ഒരു വിദ്യാലയം ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാർഡിൽ മണക്കാട് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആതിര എം.ബിയുടെ വീട്ടിൽ ആയിരുന്നു ഉദ്ഘാടനച്ചടങ്ങ്.

വളരെ ലളിതമായ ഒരു പരീക്ഷണം ആതിര അവതരിപ്പിച്ചു. വീട്ടിൽ തയ്യാറാക്കിയ ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് ആസിഡ്, ആൽക്കലി തിരിച്ചറിയുന്ന പ്രവർത്തനമാണ് ചെയ്തത്. ചെമ്പരത്തിപ്പൂ നീളത്തിൽ എടുത്ത പേപ്പറിൽ ഇരുവശവും ഉരച്ചാണ് ലിറ്റ്മസ് പേപ്പർ തയ്യാറാക്കിയത്.
വിനാഗിരി,ചുണ്ണാമ്പ്, വെള്ളം, പുളി വെള്ളം, സോപ്പ് ഇവയിലാണ് ലിറ്റ്മസ് പേപ്പർ മുക്കി ആസിഡ്,ആൽക്കലി തിരിച്ചറിയുന്ന പരീക്ഷണം നടത്തിയത്.ഇത് കൂടാതെ വീട്ടിൽ ലഭ്യമായ നാരങ്ങാ വെള്ളം ഉപയോഗിച്ചും ആസിഡ് ടെസ്റ്റ് നടത്താം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഒരുവർഷത്തിലേറെയായി തുറന്നു പ്രവർത്തിച്ചിട്ടില്ല. വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങൾ നിലവിലെ ഫസ്റ്റ്ബെൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ല. കുട്ടികൾ അതാത് കാലങ്ങളിൽ നേടേണ്ട ശേഷികൾ നേടേണ്ടത് തുടർ വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്. കുട്ടിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ‘വീട് ഒരു വിദ്യാലയം’. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണയോടുകൂടി പഠനപ്രവർത്തനങ്ങൾ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ്മയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *