മോൻസൻ മാവുങ്കൽ (Monson Mavunkal) കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ

Share

ആലപ്പുഴ: മോൻസൻ മാവുങ്കൽ (Monson Mavunkal) കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ (Anitha Pullayil) . തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനിത പറഞ്ഞു.

മോൻസനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ബാങ്ക് രേഖകൾ കൈവശം ഉണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാൻ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോ​ഗസ്ഥർ വിളിച്ചാൽ എവിടെ വരാനും താൻ തയ്യാറാണ്.

തനിക്ക് സത്യം എന്ന വാക്കിന്റെ അർത്ഥം അറിയാം. അങ്ങനെ ഒന്നുണ്ടെങ്കിൽ നമുക്ക് കാത്തിരുന്നു കാണാം. മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചോരാളെ ഒരു രാജാവിനെ പോലെ വാഴുന്ന സമയത്താണ് നെറികേടിന്റെ മറനീക്കി ഈശ്വരൻ പുറത്തു കൊണ്ട് വന്നതെങ്കിൽ ദൈവത്തിനും മടുത്തിട്ടുണ്ടാവില്ലേ? പിന്നെ അവന്റെ അനർഹതയിൽ സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ ആരെങ്കിലും? ആ ആളുകൾ ഇപ്പോഴും പുറത്തുണ്ട്.

ആ റിസൾട്ടാണ് ഇതുപോലെ തനിക്കെതിരെ നെഗറ്റിവായി കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നും ഒരേ സ്വരത്തിൽ താൻ പറയുന്നു സത്യം മാത്രമേ ജയിക്കൂ. ഒരു രൂപയുടെ ചതിയെങ്കിലും താൻ ആരോടെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. ഏതെങ്കിലും ഒരു ആളെയെങ്കിലും നഴ്സിംഗ് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ.

ഒരു പൈസയെങ്കിലും മറ്റുള്ളവർക്കു കൊടുത്തിട്ടുള്ളതല്ലാതെ താൻ ഇവരിൽ ആരോടെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നു ചോദിക്കൂ. ഈ ദുഷ്ടതകൾ ഒന്നും കാണാതെ തന്റെ മാതാപിതാക്കൾ മരിച്ചു പോയതിൽ ഏറ്റവുമധികം സന്തോഷിക്കുന്നൊരു മകളാണ് ഇന്ന് താൻ. അല്ലെങ്കിൽ ഈ ഒരു പേരും പറഞ്ഞുകൊണ്ട് തന്നെ അറിയാത്ത എത്രയോ പേരുടെ അധിക്ഷേപങ്ങൾ അവർക്കു കേൾക്കേണ്ടി വന്നേനെ.


രണ്ടു വർഷത്തിനിടയിൽ തന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്ന അപ്പനും, അമ്മയും നഷ്ടപ്പെട്ട ഒരു മകളാണ് താൻ. അവരുടെ പ്രാർത്ഥന മതി തഎനിക്കിതു പോലെ നിവർന്നു നിൽക്കാൻ. കോടതിയിലും പൊലീസിലും അതിന്റെ നേരായ അന്വേഷണത്തിലും വിശ്വാസമുണ്ട്. എല്ലാം നേരായ വഴിയിൽ നടക്കട്ടെ എന്നും അനിത പുല്ലയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *