ഭക്ഷ്യധാന്യ രംഗത്ത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് സമയബന്ധിതമായി ലഭിക്കണം – ഭക്ഷ്യ കമ്മീഷന്‍

Share

ഭക്ഷ്യധാന്യ രംഗത്ത് ജനങ്ങള്‍ക്ക് എന്താണോ അവകാശപ്പെട്ടത് അത് ഗുണപരമായും മെച്ചപ്പെട്ട രീതിയിലും സമയബന്ധിതമായും ലഭിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപ്പാക്കുന്ന ഭാസുര ഗോത്രവര്‍ഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി വട്ടച്ചിറ കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉറപ്പു വരുത്തുകയും ഈ അവകാശങ്ങളെ കുറിച്ച് ഗോത്രവര്‍ഗ ജനതയെ ബോധവല്‍ക്കരിക്കുകയുമാണ് ‘ഭാസുര’യുടെ ലക്ഷ്യം. ഭക്ഷണം ഔദാര്യമല്ല, അവകാശമാണ് എന്ന ആശയം ഉയര്‍ത്തിയാണ് ഭാസുര എന്ന പേരില്‍ ഗോത്രവര്‍ഗ വനിതാ ഭക്ഷ്യഭദ്രത കൂട്ടായ്മ രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. 

വട്ടച്ചിറ കോളനി സാംസ്‌കാരികനിലയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. പി വസന്തം അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം റോസ്ലി മാത്യു, ഉത്തര മേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ മനോജ്കുമാര്‍, ഊരുമൂപ്പന്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ വി രമേശന്‍, എം വിജയലക്ഷ്മി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകളെടുത്തു. ജില്ലാ പരാതി പരിഹാരസെല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം സി. മുഹമ്മദ് റഫീഖ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *