ബേപ്പൂർ തുറമുഖം ‘സാഗർമാല’യിൽ ഉൾപ്പെടുത്തണം: മന്ത്രി മുഹമ്മദ് റിയാസ്

Share

ബേപ്പൂർ തുറമുഖം ‘സാഗർമാല’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 430 കോടി രൂപയാണ് പദ്ധതിക്കായി ആവശ്യപ്പെട്ടത്.

ഒരു വർഷം 1.25 ലക്ഷം ടൺ കാർഗോയും 10,000 ൽ അധികം യാത്രക്കാരും ബേപ്പൂർ തുറമുഖത്തു നിന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ടെന്നും ആവശ്യത്തിന് വാർഫുകൾ ഇല്ലാത്തത് കപ്പലുകൾ അടുക്കുന്നതിന് ബേപ്പൂരിൽ താമസം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, റോഡ് നെറ്റ്‌വർക്കിന് 200 കോടി, റെയിൽ കണക്റ്റിവിറ്റിയ്ക്കായി 50 കോടി, കണ്ടയ്നർ ഹാൻഡ്ലിംഗ് വാർഫിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 80 കോടി, ഡ്രെഡ്ജിംഗിന് 80 കോടി, അധിക വാർഫ് വികസനത്തിനായി 10 കോടി രൂപവീതം അനുവദിക്കണമെന്ന് മന്ത്രി നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുഗതാഗത തുറമുഖമാണ് ബേപ്പൂരെന്ന് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇവിടെ നിന്നും ലക്ഷദ്വീപിലേയ്ക്കുംമറ്റും ധാരാളമായി ചരക്കുകൾ പോകുന്ന സാഹചര്യത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ പദ്ധതി പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനും നിർദ്ദേശിച്ചു.