നിയമസഭാ ലൈബ്രറിയെ ജനകീയവത്ക്കരിക്കും: സ്പീക്കർ എം.ബി. രാജേഷ്

Share

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി വർഷം ആശയങ്ങളുടെ ആഘോഷവും വിജ്ഞാനത്തിന്റെ ഉത്സവവുമാക്കി മാറ്റുമെന്നും ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങൾക്കുകൂടി പ്രാപ്യമാകത്തക്കവിധം ജനകീയമാക്കുമെന്നും നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയുടെ രേഖകൾ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കത്തക്ക വിധം ലൈബ്രറി രീതിയിൽ മാറ്റം വരുത്തുകയും ചെയ്യും. അറിവിന്റെ കുത്തകവൽക്കരണമല്ല ജനാധിപത്യവല്കരണമാണ് വേണ്ടത്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഏകദേശം 20 ലക്ഷം പേജുകൾ ഡിജിറ്റൈസ് ചെയ്യുമെന്നും അന്താരാഷ്ട്ര പ്രസാധകരെക്കൂടി ഉൾപ്പെടുത്തി പുസ്തകോത്സവം സംഘടിപ്പിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലകളിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനും നോബൽ ജേതാക്കളെ ഉൾപ്പെടുത്തി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനുമുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലൈബ്രറി ഉപദേശക സമിതി അംഗം ഡോ.എം.കെ.മുനീർ എം.എൽ.എ യ്ക്ക് നൽകി പ്രകാശനം ചെയ്തു. നിയമസഭാംഗമായ കാലം മുതൽ തന്നെ നിയമസഭാ പ്രവർത്തനങ്ങളിൽ ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും 1,14,000 വൈവിധ്യമാർന്ന പുസ്തകങ്ങളുടെ കലവറയാണ് നിയമസഭാ ലൈബ്രറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത ബിജു ഡേവിഡ് ജോൺസിനെ ചടങ്ങിൽ അഭിനന്ദിച്ചു.
റവന്യൂ മന്ത്രി കെ.രാജൻ, ചീഫ് വിപ്പ് ഡോ എൻ ജയരാജ്, എം.എൽ.എ മാരായ മാത്യു ടി തോമസ്, മോൻസ് ജോസഫ് എന്നിവർ ആശംസാ പ്രസംഗം നടത്തി. നൂറാം വാർഷികം പ്രമാണിച്ച് വായനയും സാമൂഹ്യ പരിവർത്തനവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്‌കൃത സർവകലാശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ. കെ.എസ്.രവികുമാർ പ്രഭാഷണം നടത്തി.
ചടങ്ങിൽ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ.തോമസ് എം.എൽ.എ സ്വാഗതവും സമിതി അംഗം കെ. അൻസലൻ എം.എൽ.എ കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ.കെ.എസ്. രവികുമാറിനുള്ള നിയമസഭയുടെ ഉപഹാരം സ്പീക്കർ നൽകി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമാജികരുടെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം രാവിലെ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ, സ്‌പെഷ്യൽ സെക്രട്ടറി ആർ. കിഷോർ കുമാർ, ചീഫ് ലൈബ്രറിയൻ ജി.മേരി ലീല എന്നിവർ പങ്കെടുത്തു. പുസ്തക പ്രദർശനം വെള്ളിയാഴ്ചയും തുടരും.