താമരശേരി രൂപത ഭൂമി ഉമാ നമ്പ്യാർക്ക് നൽകണം 

Share

ന്യൂഡല്‍ഹി: കോഴിക്കോട് മാവൂർ റോഡിലെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപത്ത് താമരശേരി റോമന്‍ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി കെ.പി.പി. നമ്പ്യാരുടെ ഭാര്യ ഉമാ നമ്പ്യാര്‍ക്ക് മടക്കി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. വില്‍പ്പനയ്ക്ക് വ്യവസ്ഥ ഇല്ലാത്ത പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരമായിരുന്ന ഭൂമിയുടെ ആദ്യ കൈമാറ്റം  എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചിൻറെതാണ്  ഉത്തരവ്.

കുടുംബ ഓഹരിയില്‍ നിന്ന് ലഭിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രയ വിക്രയങ്ങള്‍ക്ക് സഹോദരി റാണി സിദ്ധനെ ചുമതലപ്പെടുത്തി 1971 ല്‍ ഉമാ ദേവി നമ്പ്യാര്‍  പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പവര്‍ ഓഫ് അറ്റോര്‍ണി 1985 ല്‍ റദ്ദാക്കിയിരുന്നു.  എന്നാല്‍ റദ്ദാക്കപ്പെടുന്നതിന് മുമ്പ് റാണി സിദ്ധന്‍ സഹോദരി ഉമാദേവി നമ്പ്യാരുടെ ചില ഭൂമികള്‍ വിറ്റു. റാണി സിദ്ധനില്‍ നിന്ന് ഭൂമി വാങ്ങിയവരില്‍ ഒരാളാണ്  മാവൂര്‍ റോഡിലെ വസ്തു താമശേരി റോമന്‍ കത്തോലിക്കാ രൂപതയ്ക്ക് വിറ്റത്.

പവര്‍ ഓഫ് അറ്റോര്‍ണിയില്‍ വസ്തു പാട്ട കരാറിന് കൈമാറാനും, ഈട് വച്ച് കടം വായ്പ എടുക്കാനും മാത്രമേ റാണി സിദ്ധന് അധികാരം നല്കുന്നുള്ളുവെന്ന് സുപ്രീം കോടതി  ചൂണ്ടിക്കാട്ടി. വില്‍പ്പനയ്ക്ക് ഉള്ള അധികാരം നല്‍കുന്നില്ല. അതിനാല്‍ തന്നെ ഭൂമി വിറ്റ റാണി സിദ്ധന്റെ നടപടി തെറ്റാണ്. പവര്‍ ഓഫ് അറ്റോര്‍ണിയുടെ  പന്ത്രണ്ടാം വകുപ്പ് പ്രകാരം വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം നല്‍കുന്നുണ്ടെന്ന് രൂപതയ്ക്ക് വേണ്ടി ഹാജരായ  അഭിഭാഷകന്‍ വാദിച്ചു.  തലമുതിര്‍ന്ന അഭിഭാഷകന്‍ തയ്യാറാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി ആയതിനാല്‍ തന്നെ അത് വില്‍പ്പനയ്ക്കുള്ള അധികാരമാണെന്നായിരുന്നു രൂപതയുടെ നിലപാട്.

ഉമാ നമ്പ്യാർക്ക് വേണ്ടി ദുഷ്യന്ത് ദവെ ഹാജരായി.

Leave a Reply

Your email address will not be published.