ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ സമയബന്ധിതമാക്കും; പരാതികൾ പരിഹരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share

ഗ്രാമപഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും പരാതികൾ പരിഹരിക്കാനും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി അവലോകന യോഗങ്ങൾ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനങ്ങൾക്ക് പല സേവനങ്ങളും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പഞ്ചായത്തുകളിൽ അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്ന നില പാടില്ലെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിലെ കെട്ടിട നിർമ്മാണാനുമതി, നമ്പറിംഗ്, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷൻ ക്ലർക്കുമാരുടെ യോഗം എല്ലാ മാസവും ഒന്നാമത്തെ പ്രവൃത്തി ദിവസം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ചേരണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ കൈകാര്യം ചെയ്യുന്ന ക്ലർക്കുമാരുടെ യോഗം എല്ലാ മാസവും രണ്ടാമത്തെ പ്രവൃത്തി ദിവസം ചേരും. ലൈസൻസ് സെക്ഷനിലെ ക്ലർക്കുമാരുടെ യോഗം എല്ലാ മാസവും മൂന്നാമത്തെ പ്രവൃത്തി ദിവസവും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും നാലാമത്തെ പ്രവൃത്തി ദിവസവും ചേരും. ജൂനിയർ സൂപ്രണ്ടുമാരുടെയും ഹെഡ് ക്ലർക്കുമാരുടെയും യോഗം എല്ലാ മാസവും അഞ്ചാമത്തെ പ്രവർത്തി ദിവസം നടക്കും. ഓരോ അവലോകന യോഗവും ചേർന്ന് വിശദമായ റിപ്പോർട്ട് എല്ലാ മാസവും അഞ്ചാമത്തെ പ്രവൃത്തി ദിവസം പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ മുഖേന പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകണം. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ യോഗം എല്ലാ മാസവും ആറാമത്തെ പ്രവൃത്തി ദിവസം ചേരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ജില്ലാ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ അവർക്ക് കീഴിലുള്ള യൂണിറ്റുകളിലെ എല്ലാ ജിവനക്കാരുടെയും യോഗം വിളിച്ച് ഓരോ പഞ്ചായത്തിനെ കുറിച്ചും അവലോകനം നടത്തണം. ഈ യോഗത്തിന്റെ റിപ്പോർട്ട് പഞ്ചായത്ത് ഡയറക്ടർ നേരിട്ട് പരിശോധിക്കും. തുടർന്ന് സംസ്ഥാനത്തെ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാരുടെയും പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരുടെയും സംസ്ഥാനതല യോഗം എല്ലാ മാസവും എട്ട്, പത്ത് തിയതികൾക്കുള്ളിൽ ചേരും. അവലോകന യോഗങ്ങൾ സജീവമായി നടത്തുകയും വീഴ്ചകൾ അടിയന്തിരമായി പരിഹരിക്കുകയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *