ഉദിച്ചുയർന്ന സൂര്യരശ്മി പോൽ… 75 ന്റെ നിറവിൽ രാജ്യം; ധീര ദേശാഭിമാനികളുടെ ദീപ്ത സ്മരണകളുയർത്തി വീണ്ടുമാരു സ്വാതന്ത്ര്യ ദിനം

Share

‘ഉദിച്ചുയർന്ന സൂര്യരശ്മി പോൽ ജ്വലിച്ചിരിക്കും അഭിമാനം
എന്നുമെൻ ഉള്ളിൽ
പിറന്ന നാടിൻ ത്രിവർണ്ണ പതാകകൾ
വാനിൽ പറന്നുയരുന്ന മാത്രയിൽ…

നമിച്ചിടുന്നു അതിർത്തികൾ
കാക്കുമെൻ അരുമ സോദരരെ…

വിറയ്ക്കാത്ത കൈകളാൽ
നിലയ്ക്കാത്ത പോരാട്ട വീര്യത്താൽ
യാഗാശ്വമായ് കുതിച്ച് അജയ്യരായി
ജന്മനാടിൻ യശസ്സ് വിണ്ണിലാകെ ഉയർത്തുവിൻ…’

വീണ്ടുമൊരു ആഗസ്റ്റ്‌ 15 കൂടി കടന്നെത്തി

ഉയർന്നു പാറുന്ന ദേശീയപതാക നോക്കി നിൽക്കുമ്പോൾ അഭിമാനം കൊണ്ട്‌ മനം നിറയുന്ന ദിനം

നൂറ്റാണ്ടുകൾ നീണ്ട വൈദേശിക ആധിപത്യം ധീര ദേശാഭിമാനികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തോറ്റുമടങ്ങിയ ദിനം

ചരിത്രം സമാനതകൾ ഇല്ലാത്തതെന്ന് തെളിയിച്ച സ്വാതന്ത്ര്യ സമരത്തിലൂടെ ഈ നാടിനെ സ്വതന്ത്രരാക്കിയവർക്ക്‌ മുന്നിൽ നമിക്കുന്നു. അവരുടെ ത്യാഗമാണ്‌ നമ്മൾ അടിമകളല്ലാതിരിക്കാൻ കാരണം.

ചന്ദ്രശേഖർ തിവാരി, ആസാദിക്ക് വേണ്ടി ചാട്ടവാറടിയേറ്റത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് .ചന്ദ്രശേഖർ ആസാദെന്ന സ്വാതന്ത്ര്യ സമര ഭടനായി അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും 24. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുമ്പോൾ കേവലം പത്തൊൻപത് വയസ്സ് മാത്രമായിരുന്നു ഖുദിറാം ബോസിന്റെ പ്രായം. പ്രഫുല്ല ചാക്കിക്ക് അന്ന് പ്രായം ഇരുപത്.

1857 ന്റെ പട്ടടയിൽ ആളിക്കത്തിയ തീജ്വാലകളിൽ ഏറ്റവും തിളക്കമുള്ളതിനുടമ മണികർണികയെന്ന ഝാൻസിറാണിയായിരുന്നു. മുപ്പതാമത്തെ വയസ്സിൽ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന അഗ്നിശിഖകൾ സമ്മാനിച്ച് വിടപറയുമ്പോൾ ആ പേര് അനശ്വരമാക്കാൻ ഭാരതവും മറന്നില്ല ..

സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം എന്നുദ്ഘോഷിച്ചു കൊണ്ട് കയർകുടുക്കിനെ പൂമാലകളാക്കി കടന്നു പോയപ്പോൾ ശിവറാം രാജഗുരുവിനും സുഖദേവ് താപ്പറിനും ഭഗത് സിംഗിനും ഇരുപത്തഞ്ച് വയസ് പോലും തികഞ്ഞിരുന്നില്ല.

സർഫറോഷി കി തമന്ന എഴുതിയ തൂലികയ്ക്കൊപ്പം നിറതോക്കും കയ്യിലേന്തി ബ്രിട്ടീഷ് ചോറ്റു പട്ടാളത്തിനെതിരെ യുദ്ധം ചെയ്ത രാം പ്രസാദ് ബിസ്മിലും പിൻഗാമികൾ രാഷ്ട്രത്തിനു വേണ്ടി പോരാടി മരിക്കുന്നതാണെന്റെ സ്വപ്നം എന്ന് പ്രഖ്യാപിച്ച അഷ്ഫഖുള്ള ഖാനും ജീവിതം ഹോമിച്ചത് മുപ്പത് വയസ്സ് പൂർത്തിയാകുന്നതിനു മുൻപാണ്.

ആധുനിക ഭാരതീയ വനിതകൾ സ്വാതന്ത്ര്യ സമരത്തിന് മുന്നിട്ടിറങ്ങണമെന്ന് പ്രഖ്യാപിച്ച് സായുധ പോരാട്ടത്തിനിറങ്ങി ജീവൻ വെടിയുമ്പോൾ പ്രിതിലത വഡ്ഡേദാറിന് പ്രായം വെറും 21.

മദൻലാൽ ധിംഗ്രയും ഭഗവതിചരൺ വോറയും അനന്ത ലക്ഷ്മൺ കാൻഹരേയും വസുദേവ ബൽവന്ത് ഫഡ്കേയും മംഗൾ പാണ്ഡേയും നാനാസാഹിബും ഹേമുകാലാനിയും താന്തിയാതോപ്പിയുമടങ്ങുന്ന സായുധ വിപ്ലവകാരികളിൽ ഏറിയ കൂറും വീരമൃത്യു വരിച്ചത് യുവത്വം തുളുമ്പി നിൽക്കുന്ന സമയത്താണ്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങൾ പാർക്കുന്ന നമ്മുടെ രാഷ്ട്രം സ്വതന്ത്രമായി നിലനിൽക്കുന്നതിന് പിന്നിൽ സ്വന്തം യുവത്വം രാഷ്ട്ര ദേവതയുടെ പാദങ്ങളിൽ അർച്ചന ചെയ്തവരുടെ ത്യാഗവും കൂടിയുണ്ടെന്നുള്ള കാര്യം നാം മറക്കരുത് !

സ്വാതന്ത്ര്യ സമര വേദിയിൽ മിന്നൽ പിണർ പോലെ ജ്വലിച്ചു മറഞ്ഞ വീരാംഗനമാർ, നിയമ നിഷേധികൾ, സത്യാഗ്രഹികൾ ഇവരെല്ലാവരുടെയും പ്രതിജ്ഞയുടെയും പ്രവർത്തനത്തിന്റെയും ഫലമായി ലഭിച്ചതാണ് നമ്മുടെ സ്വാതന്ത്ര്യം .

സ്വതന്ത്രഭാരതം സ്വപ്നം കണ്ട്, തൂക്കുകയറിലേക്ക് പതറാത്ത കാൽ വയ്പുകളോടെ പ്രയാണം ചെയ്ത ലക്ഷക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികൾ, സ്വാതന്ത്ര്യാനന്തര ഭാരതം വൈഭവമുള്ളതാവണമെന്നുറപ്പിക്കാൻ പരിശ്രമിച്ച ത്യാഗധനർ, മറന്നും മണ്മറഞ്ഞും അറിയപ്പെടാതെ പോയ എത്രയോ സമര ഭടന്മാർ, സഹിച്ചും ക്ഷമിച്ചും തോൽപ്പിക്കപ്പെട്ടും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ.

നാം മറക്കരുത് സ്വാതന്ത്ര്യ ബലിത്തീയിൽ വീരാഹുതി ചെയ്തവരെ…
നാം മറക്കരുത് സഹന സമരത്തിന്റെ പുതിയ പ്രഭാതങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തവരെ….
നാം മറക്കരുത് ഒന്നുമെന്റേതല്ല എല്ലാം രാഷ്ട്രത്തിന്റേതാണെന്ന് പ്രഖ്യാപിച്ച് മണ്മറഞ്ഞവരെ…..
നാം മറക്കരുത് തടവറയിലെ കരിങ്കൽ ഭിത്തികളിൽ കൈവിലങ്ങുകൾ കൊണ്ട് സ്വാതന്ത്ര്യ ഗീതം കോറിയിട്ടവരെ…
നാം മറക്കരുത് കൈക്കുഞ്ഞിനെ ഒക്കത്തേറ്റി കരവാളുമായി അടർക്കളത്തിൽ പടവെട്ടിയ വീരാംഗനമാരേ ..
നാം മറക്കരുത് ആർഷഭാരതത്തിന്റെ അമരസന്ദേശം സ്വാതന്ത്ര്യ സേനാനികൾക്ക് പകർന്ന് നൽകിയ മഹാപ്രതിഭകളെ..

ഓരോ സ്വാതന്ത്ര്യ ദിനവും ഈ ധീരദേശാഭിമാനികളുടെ ഓർമ്മകളാൽ ദീപ്തമാകട്ടെ ….

രാജ്യസ്നേഹവും ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തിന്റെ അഖണ്ഡതയേയും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് കോവിഡ്‌-19 എന്ന മഹാമാരിയുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടുവാനും മറ്റു ദുരന്തങ്ങളെയും യാതനകളെയും ഒക്കെ അതീജീവിക്കാനും ഈ ജനതയ്ക്ക് കഴിയട്ടെ എന്നു ആശംസിച്ചുകൊണ്ട് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നമുക്ക് പങ്കുചേരാം…., ഭാരതത്തിന്റെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം. വന്ദേ മാതരം.

എല്ലാവർക്കും സർക്കർ ഡെയിലിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *