ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂർണമായും തുടച്ചുനീക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണ് പുതുക്കിയ വിജിലൻസ് മാന്വൽ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കാലഘട്ടങ്ങൾക്കനുസരിച്ച് അഴിമതിയുടെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ മാന്വൽ പരിഷ്കരിക്കാൻ തീരുമാനിച്ചത്.ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വഴി കൈക്കൂലി സ്വീകരിക്കുന്നവരെ കുടുക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ പുതിയ മാന്വലിലുണ്ട്. ബിനാമി ഇടപാടുകളുള്ളവരും അനധികൃത സ്വത്ത് സമ്പാദിക്കുന്നവരുമായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ശേഖരിക്കും. വിജിലൻസ് സേനയ്ക്ക് പ്രത്യേക യൂണിഫോം ഏർപ്പെടുത്താനും വിജിലൻസ് നടപടികൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഴിമതിക്കെതിരെ വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിഷ്കരിച്ച വിജിലന്‍സ് മാന്വൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
നിർണായക സ്ഥാനങ്ങളിലേക്ക് നിയമിതരാകുന്ന ഉദ്യോഗസ്ഥരുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട രീതി, വിജിലൻസ്
കോടതികളുടെ പ്രവർത്തനം, മിന്നൽ പരിശോധന, ജീവനക്കാർക്കെതിരെയുള്ള കള്ള കേസുകളിലെ നടപടികൾ ത്വരിതപ്പെടുത്തൽ, വിജിലൻസ് പരാതികൾ ക്രോഡീകരിക്കുന്നതിനും അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങൾ പരിഷ്‌കരിച്ച പതിപ്പിൽ ഉണ്ട്. നിലവിലുണ്ടായിരുന്ന 14 ചാപ്റ്ററുകളുടെ എണ്ണം 29 ആയി വർദ്ധിപ്പിച്ചു.
അഴിമതി പൂർണമായും നിയന്ത്രണ വിധേയമാക്കി, ഡെന്മാർക്ക് പോലെ ഒരു കറപ്ഷൻ ഫ്രീ സ്റ്റേറ്റായി കേരളം മാറണമെന്നും, വിജിലൻസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന വിജിലൻസിന്റെ നേതൃത്വത്തിൽ ആഭ്യന്തര വിജിലൻസ് ഓഫീസർമാരുടെ നിരന്തര യോഗങ്ങൾ ചേരണമെന്നും അദ്ധ്യക്ഷത വഹിച്ച കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ പറഞ്ഞു.
തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ മുഖ്യാതിഥിയായി. ഔദ്യോഗിക ജീവിതത്തിൽ ഒരുതരത്തിലും അഴിമതിയുടെ കറപുരണ്ടിട്ടില്ലാത്ത വ്യക്തി എന്ന അഭിമാനത്തോടെ ഓരോ ജീവനക്കാർക്കും പിരിയാൻ കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നീരീക്ഷിച്ച് കറപ്ഷൻ ഇൻഡക്സ് പ്രസിദ്ധീകരിക്കുന്ന കാര്യം വിജിലൻസ് വകുപ്പിന് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ആശംസകളര്‍പ്പിച്ചു. വിജിലന്‍സ് ഡയറക്ടർ മനോജ് എബ്രഹാം സ്വാഗതവും വിജിലന്‍സ് ഐ.ജി.പി.യുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസ് നന്ദിയും പറഞ്ഞു.
ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ,വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ആഭ്യന്തര വിജിലന്‍സ് മേധാവിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.