ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് രേഖകളുണ്ട്; സോഷ്യല്‍ മീഡിയ പ്രചരണം തെറ്റെന്ന് എം.വി.ഡി

Share

ഗതാഗതമന്ത്രി സി.പി.ജോണിൻ്റെ കാസർകോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ്.

മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു വാഹനം.

ഈ വാഹനത്തിന് കൃത്യമായ രേഖകള്‍ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് നല്‍കിയിട്ടുള്ള ഇൻഷുറൻസ് വാഹനത്തിനുണ്ട്. 2025 മേയ് 18 മുതല്‍ 2027 മേയ് 17 വരെ ഇൻഷുറൻസുമുണ്ട്.

വാഹനത്തിന്‍റെ മലിനീകരണ സർട്ടിഫിക്കറ്റ് കാലാവധി 2026 ജൂലായ് ആറിനാണ് അവസാനിച്ചത്. തൊട്ടടുത്ത ദിവസം തന്നെ (ജൂലായ് 7 മുതല്‍) ഇത് കൃത്യമായി പുതുക്കിയിട്ടുള്ളതാണ്.കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് വഴിയുള്ള ഇൻഷുറൻസ് വിവരങ്ങള്‍ കേന്ദ്ര സർക്കാരിന്‍റെ ‘പരിവാഹൻ’ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആയി വരാൻ പലപ്പോഴും സാങ്കേതികമായ സമയതാമസം നേരിടാറുണ്ട്. ഇതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് എം.വി.ഡി ചൂണ്ടിക്കാട്ടുന്നു.

യഥാർത്ഥ വസ്തുതകള്‍ അന്വേഷിച്ചറിയാതെ ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ പിന്മാറണമെന്നും, വാർത്തകള്‍ ഷെയർ ചെയ്യുന്നതിന് മുൻപ് യാഥാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *