മനസ് സുന്ദരമാകട്ടെ

Share

ചര്‍മ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത് നമ്മുടെ മാനസികാരോഗ്യമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിലും മനസ്സിലും നടക്കുന്നത് എന്തോ, അത് ചര്‍മ്മത്തില്‍ പ്രകടമാകും. നമ്മള്‍ ദീര്‍ഘകാലം മാനസികസമ്മര്‍ദ്ദത്തിലൂടെയോ വിഷാദത്തിലൂടെയോ കടന്നുപോകുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുത്തനെ കൂടുന്നു. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് ശരീരത്തിലെ ഹോര്‍മോണ്‍ സമതുലിതാവസ്ഥ തകര്‍ക്കുന്നു. ഇത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്ന കോളാജന്‍ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശരീരത്തിനും ചര്‍മ്മത്തിനും സ്വയം കേടുപാടുകള്‍ തീര്‍ക്കാനും കോര്‍ട്ടിസോള്‍ നിയന്ത്രിക്കാനും നല്ലതാണ്. ചെറിയ നടത്തം, യോഗ, അല്ലെങ്കില്‍ വ്യായാമം എന്നിവ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കുറയ്ക്കാനും രക്തചംക്രമണം കൂട്ടാനും സഹായിക്കും. ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് നാഡീവ്യൂഹത്തെ ശാന്തമാക്കും. നോ എന്ന് പറയാന്‍ പഠിക്കുക, മാനസികമായി തളര്‍ത്തുന്ന സംഭാഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, നിങ്ങള്‍ക്കായി മാത്രം അല്പം സമയം മാറ്റിവെക്കുക എന്നിവ സമ്മര്‍ദ്ദം കൂടാതിരിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ സമീകൃതാഹാരവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഹോര്‍മോണ്‍ സമതുലിതാവസ്ഥ നിലനിര്‍ത്തും.