എഫ്.സി.ആര്‍.എ ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഈ ഭേദഗതികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സന്നദ്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാണിത്. ലോക്‌സഭയില്‍ എഫ്.സി.ആര്‍:എ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ, ലൈസന്‍സ് റദ്ദാക്കപ്പെട്ടതോ കാലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഭേദഗതികള്‍ വീണ്ടും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പരാജയപ്പെട്ട നിയമനിര്‍മാണ ശ്രമത്തിനുശേഷം അതിലെ കാര്യങ്ങള്‍ ഇപ്പോള്‍ ചട്ടങ്ങളുടെ മറവില്‍ പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക ബോധവത്കരണ പരിപാടികളില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കം ഒഴിവാക്കണമെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് പൊതുസമൂഹത്തെ നിശബ്ദമാക്കി കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ഇല്ലാതാക്കാനും എന്‍.ജി.ഒ കളെ ഭരണകൂടത്തിന്റെ വക്താക്കളാക്കാനുമുള്ള ശ്രമമാണ്.
കര്‍ശനമായ സാമ്പത്തിക ശിക്ഷാനടപടികള്‍ കൊണ്ടുവന്ന് ചെറുകിട എന്‍.ജി.ഒകളെ സാമ്പത്തികമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പട്ടികയില്‍ നിന്ന് മാത്രമെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കാവൂയെന്ന വ്യവസ്ഥ ഇവയുടെ സ്വതന്ത്ര പ്രവര്‍ത്തന അവകാശത്തെ കടിഞ്ഞാണിടുന്നു. എഫ് സി ആര്‍ എ രജിസ്റ്റര്‍ ചെയ്തിരുന്ന സംഘടനകള്‍ക്ക് നേരത്തെ ഒറ്റത്തവണ ഫീസ് മാത്രം നല്‍കിയാല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വിഭാഗം,സംസ്ഥാനം, പ്രദേശം എന്നിവ കണക്കാക്കി പ്രത്യേക ഫീസ് നല്‍കണം. ഏതെങ്കിലും തരത്തിലുള്ള ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വലിയ പിഴ നല്‍കേണ്ടിവരും. സ്വീകരിച്ച ഫണ്ട് അനുവദിച്ച ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിച്ചാല്‍ ആ തുകയുടെ 30 ശതമാനം വരെയോ ഒരു ലക്ഷം രൂപയോ പിഴയായി ഈടാക്കുമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകളെല്ലാം സന്നദ്ധ സംഘടനകളെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്.