കേരള അത്‌ലറ്റിക്സിന് നാണകേട്; മലയാളികൾ ഇല്ലാതെ ഇന്ത്യയുടെ ഒളിമ്പിക് വനിതാ ടീം!!

Share

കാലങ്ങളായി ഇന്ത്യൻ അത്‌ലറ്റിക്സിലെ വൻ ശക്തിയായിരുന്നു മലയാളി താരങ്ങൾ, പ്രത്യേകിച്ച് വനിതകൾ. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമുൾപ്പെടെ നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ മെഡലുകൾ വാരികൂട്ടിയവരാണ് പി ടി ഉഷ, ഷൈനി വിൽസൺ, എം ഡി വത്സമ്മ, പ്രീജാ ശ്രീധരൻ, കെ എം ബീനാമോൾ തുടങ്ങിയ മലയാളി താരങ്ങൾ.

എന്നാൽ അടുത്ത മാസം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ പേരിന് പോലും ഒരു മലയാളി വനിതാതാരത്തിന് ആ ടീമിൽ ഇടം പിടിക്കുവാൻ സാധിച്ചില്ല.45 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒറ്റ മലയാളി താരങ്ങളുമില്ലാതെ ഇന്ത്യയുടെ വനിതാ ടീം ഒളിന്പിക്സിൽ പങ്കെ‌ടുക്കുന്നത്.

ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിലേക്കുള്ള ട്രയൽസിൽ മ‌ലയാളി താരങ്ങളായ ജിസ്നാ മാത്യുവും വി കെ വിസ്മയയും പങ്കെടുത്തിരുന്നെങ്കിലും പിന്തള്ളപ്പെടുകയായിരുന്നു.അതേസമയം ഒളിമ്പിക്സ് പുരുഷ അത്‌ലറ്റിക് സംഘത്തിലേക്ക് ഏഴു മലയാളി താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇതു കൂടാതെ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായ പി ആർ ശ്രീജേഷും നീന്തൽ താരം സജൻ പ്രകാശും ഒളിമ്പിക് ടീമിൽ അംഗങ്ങളാണ്. 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലാണ് സജൻ മത്സരിക്കുന്നത്. സജന്റെ രണ്ടാമത്തെ ഒളിമ്പിക്‌സാണ്‌.

ഇരുപത്‌ കിലോമീറ്റർ നടത്തത്തിൽ കെ ടി ഇർഫാൻ, ലോങ്‌ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിർ എന്നിവരെ കൂടാതെ മുഹമ്മദ്‌ അനസ്‌, നോഹ നിർമൽ ടോം, അമോജ്‌ ജേക്കബ്‌, അലക്‌സ്‌ ആന്റണി എന്നിവർ പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളിയായ പി രാധാകൃഷ്ണൻ നായരാണ് ടീമിന്റെ മുഖ്യ പരിശീലകൻ.