ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അപലപനീയം : എം.ബി. രാജേഷ്

Share

തിരുവനന്തപുരം : ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ. നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യം, നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നീക്കം ചെയ്യുന്നവരാണ് ഹരിത കർമ്മ സേനാംഗങ്ങൾ. ആ സേവനം വിലമതിക്കാനാകാത്തതാണ്. ഈ സേവനത്തിന് സർക്കാർ ഏർപ്പെടുത്തിയ 50 രൂപാ ഫീസ് വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നത് ക്രൂരതയാണ്. ഹരിതകർമ്മസേനയെ ഹൃദയപൂർവം ചേർത്തുപിടിക്കാൻ കേരളീയസമൂഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകർമ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിർബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയർത്തിയാണ് ഈ ദുഷ്പ്രചാരണം നടക്കുന്നത്. നിലവിൽ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകർമ്മസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണങ്ങളെല്ലാം. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി, വേണ്ടത്ര അവധാനതയില്ലാതെ നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും.

ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും നിരന്തരം പടച്ചുവിടുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകി. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു.