ശബരിമല റോഡ് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും: പി.എ മുഹമ്മദ് റിയാസ്

Share

പത്തനംതിട്ട: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ വെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ മാസം 19, 20 തീയതികളിൽ പൊതുമരാമത്ത് മന്ത്രി റോഡുകളിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തും. അതിന് മുന്നോടിയായി ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാങ്കേതികത്വത്തിന്റെ പേരിൽ റോഡ് നിർമാണം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വലിയ തീർത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും ആയതിനാൽ റോഡ് അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.