മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോള്‍ഡ് പദ്ധതി

Share

കണ്ണൂർ: പഠനത്തിൽ മികവുള്ള വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ തിളങ്ങാൻ സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന സ്‌കഫോള്‍ഡ് പദ്ധതിക്ക് കണ്ണൂരിൽ തുടക്കം. വിദ്യാര്‍ഥികളെ ഹയര്‍ സെക്കണ്ടറി പഠനത്തിന് ശേഷം മികച്ച പ്രൊഫഷണലുകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ സ്‌കഫോള്‍ഡ് പദ്ധതി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുക. ബി പി എല്‍ വിഭാഗത്തിലെ ഉയര്‍ന്ന പഠന നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം നൈപുണ്യ പരിശീലനവും നല്‍കും. ഇതിലൂടെ ആശയവിനിമയ ശേഷി, വ്യക്തിഗത സവിശേഷതകള്‍ തുടങ്ങിയവ വളര്‍ത്തി മികച്ച കരിയര്‍ ഉറപ്പുവരുത്തുവാനും സഹായകമാകും. എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കും.

പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും എംപ്ലോയ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി അപേക്ഷിച്ച 698 ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായി കണ്ണൂര്‍ ശിക്ഷക് സദനില്‍ രണ്ട് ദിവസത്തെ പരിശീലനം ശനിയാഴ്ച ആരംഭിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 25 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ക്ക് അവധി ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനത്ത് വച്ച് പരിശീലനം നല്‍കും.