ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷിച്ച് മന്ത്രി വീണാ ജോർജ്

Share

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ ഓഫീസർ, നഴ്സ് ഗ്രേഡ്-II, ഫാർമസിസ്റ്റ് ഗ്രേഡ്-II, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), 8 മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ), 41 മെഡിക്കൽ ഓഫീസർ (ആയുർവേദ), 2 മെഡിക്കൽ ഓഫീസർ (നാച്യുർക്യുർ) 10 നഴ്സ് ഗ്രേഡ്-II, 10 ഫാർമസിസ്റ്റ് ഗ്രേഡ്-II, 40 ആയുർവേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിൽ അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകൾ സംസ്ഥാനത്തെ കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആയുർവേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.