ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share

കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവർത്തനങ്ങളെകുറിച്ച് ആഴത്തിൽ ചർച്ചചെയ്യാൻ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. 12ന് ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ 18 സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അനുബന്ധ വേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, എക്‌സിബിഷനുകൾ, കോൺഫറൻസുകൾ, സാംസ്‌കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാവും. എല്ലാ ദിവസവും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

ഫ്രീഡം ഫെസ്റ്റിന്റെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓഗസ്റ്റ് 5 മുതൽ 12 വരെ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും. അധ്യയന സമയം നഷ്ടപ്പെടുത്താതെയായിരിക്കും ഇത്. സ്വതന്ത്ര സോഫ്‌റ്റ് വെയർ ആശയ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രചാരണം. ഓഗസ്റ്റ് 9-ന് സ്‌കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് 2023-മായി ബന്ധപ്പെട്ട സന്ദേശം വായിക്കും.

നൂതന സാങ്കേതിക വിദ്യകളും സ്റ്റാർട്ടപ്പുകളും സാധാരണക്കാരിലേക്കും കൂടി എത്തിക്കുക എന്ന പ്രധാന ലക്ഷ്യവും ഫ്രീഡം ഫെസ്റ്റ് മുന്നോട്ട് വയ്ക്കുന്നു. പ്രമുഖ സ്റ്റാർട്ട് അപ്-കളുടെയും ഇ-ഗവേണൻസ്, സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും പ്രദർശനങ്ങൾ മേളയുടെ മുഖ്യ ആകർഷണമായിരിക്കും.

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് ചെയർമാനായ അക്കാദമിക് കമ്മിറ്റിയും വി.ശിവൻകുട്ടി ചെയർമാനും വി.കെ. പ്രശാന്ത് എം.എൽ.എ. ജനറൽ കൺവീനറായ സംഘാടക സമിതിയും പ്രവർത്തിച്ചുവരുന്നുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഫ്രീഡം ഫെസ്റ്റ് 2023-മായി സഹകരിച്ച് പ്രവർത്തിക്കാൻ സോപാധിക അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. www.freedomfest2023.in എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണെന്നും എന്ന മന്ത്രി പറഞ്ഞു.