സി.പി.ഐ കടുപ്പിച്ചു;വലിയ ചുടുകാട്ടിൽ ടി.വി.തോമസും!

Share

സി.പി.ഐയെ അങ്ങനെ തഴയാമെന്നൊന്നും സി.പി.എം വിചാരിക്കേണ്ട എന്ന ദൂത് വലിയ ചുടുകാട്ടിലൂടെ നൽകുകയാണ്.

പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്നയിടമാണ് ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം. ഇവിടെ പാർട്ടിയുടെ മറ്റ് നേതാക്കളുടെ മൃതദേഹങ്ങൾക്ക് പ്രവേശനമില്ല.പുന്നപ്ര വയലാർ സമരസഖാക്കളെ മാത്രം സംസ്കരിക്കുന്ന ചുവപ്പ് കോട്ട. ഈ തത്വസംഹിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായിരുന്നപ്പോൾ എഴുതി ചമച്ചതാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിളർന്ന് സി.പി.എമ്മും സി.പി.ഐയുമായിട്ടും തത്വസംഹിതക്ക് മാറ്റമുണ്ടായില്ല. ഇരുകൂട്ടരും രക്തസാക്ഷി മണ്ഡപത്തിന് ഉടമകൾ.

ഏറ്റവും ഒടുവിൽ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് പുന്നപ്ര വയലാർ രക്തസാക്ഷി വി.എസ്.അച്യൂതാനന്ദനാണ്. വി.എസിനെ സംസ്കരിച്ചിടത്ത് സ്മാരകം പണിയാൻ സി.പി.എം തീരുമാനിച്ചു.അതിൻ്റെ പണികൾ പുരോഗമിച്ച് വരികയാണ്. അപ്പോഴാണ് സി.പി.ഐ ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്.

സഖാവ് ടി.വി.തോമസിൻ്റെ സ്മൃതികുടീരവും ഇവിടെ നിർമ്മിക്കണമെന്ന്. ടി.വി.തോമസ് പുന്നപ്ര വയലാർ രക്തസാക്ഷി അല്ലെങ്കിൽ പോലും സി.പി.എമ്മിന് അത് സമ്മതിക്കേണ്ടി വന്നു. അങ്ങനെ സി.പി. ഐ യുടെ നേതാവും ഗൗരി അമ്മയുടെ ഭർത്താവായ ടി.വി.തോമസിൻ്റെ സ്മൃതി കുടീരവും ഇവിടെ ഉയരുകയാണ്.

ഗൗരി അമ്മ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്. പക്ഷേ, വലിയ ചുടുകാട് വിഭജിക്കാതെ ഇപ്പോഴും ഒന്നായി നിൽക്കുന്നുണ്ടെങ്കിലും പാർട്ടി രണ്ടായി പിരിഞ്ഞപ്പോൾ തന്നെ ഗൗരി അമ്മയും ടി.വി.തോമസും രണ്ടായി പിരിഞ്ഞു.

ഗൗരിഅമ്മ സി.പി.എമ്മിനൊപ്പം പോയപ്പോൾ ടി.വി.തോമസ് സി.പി.ഐയിൽ തന്നെ ഉറച്ചു നിന്നു. രണ്ട് പേരുടെയും ചിന്ത പാർട്ടികളിൽ ഉറച്ചെങ്കിലും കുടുംബ ജീവിതത്തിൽ ഉറച്ചില്ല.

ടി.വി.തോമസ് സി.പി.ഐയായി തന്നെ ഈ ലോകത്തോട് വിട പറഞ്ഞു. കെ.ആർ.ഗൗരി അമ്മ സി.പി.എമ്മിൽ നിന്ന് വെളിയിലായി ജെ.എസ്.എസ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കി വിടവാങ്ങി.

വലിയ ചുടുകാടും അങ്ങനെ മാറ്റങ്ങൾക്ക് വേദിയായി. നിയമസഭ ഉപകക്ഷി നേതൃസ്ഥാനം കിട്ടാത്തതിൻ്റെ പകയാണ് ടി.വി.തോമസുമായി വലിയ ചുടുകാട്ടിൽ കടന്ന് കയറാൻ സി.പി.ഐയെ പ്രേരിപ്പിച്ചതെന്നാണ് മാലോഖർ പാടി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *