ബജറ്റിൽ പ്രഖ്യാപിച്ചതെല്ലാം നടപ്പാക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്: മുഖ്യമന്ത്രി

Share

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനൊപ്പം ബദല്‍ ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി നിയമസഭയിൽ പറഞ്ഞു.

കേരളം തകര്‍ച്ചിയിലേക്ക് പോകുകയാണെന്നാണ് ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞത്. തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തെ സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ശ്രദ്ധേയമായ ചില തുടക്കങ്ങള്‍ നടത്താനായി എന്നതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. അധികാരത്തില്‍ എത്തി ഒരു മാസത്തിനകം ഞങ്ങളുടെ നയപരിപാടികള്‍ കൃത്യമായി വ്യക്തമാക്കുന്ന നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ വ്യക്തമാക്കുന്ന സംസ്ഥാനം കണ്ട ഏറ്റവും വ്യക്തമായ ധവളപത്രവും ഈ സര്‍ക്കാര്‍ പുറത്തിറക്കി. ഭാവിയെ കെട്ടിപ്പടുക്കാന്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കുമ്പോള്‍ എന്താണ് യഥാര്‍ത്ഥ സ്ഥിതിയെന്ന് തിരിച്ചറിയാനാണ് ധവളപത്രം. പരമ്പരാഗത രീതിയിലുള്ള ബജറ്റല്ല ഈ സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റി നിര്‍ത്തി കേരളത്തിന്റെ സാധ്യതകള്‍ എന്തെല്ലാമാണെന്നാണ് പരിശോധിച്ചത്. അതെല്ലാം പരിശോധിച്ച് ഭാവിയില്‍ കേരളം എന്ത് ചെയ്യണമെന്ന് ദിശാബോധം നല്‍കുന്ന ബജറ്റാണ് ഈ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്.

കേരള സംസ്ഥാനം ഇന്ന് ജനസഖ്യാപരവും സാമ്പത്തികവുമായ പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആ മാറ്റത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ചെറുപ്പക്കാരുടെ ജനസഖ്യ കുറഞ്ഞുവരികയാണ്. അതേസമയം പ്രായമായവരുടെ എണ്ണം കൂടിവരികയാണ്. ജനസംഖ്യയുടെ അനുപാതം വര്‍ധിക്കുന്നതിലൂടെ ഒരു രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടത്തെ സൂചിപ്പിക്കുന്ന ‘Demographic Dividend’ എന്ന ആശയം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞരാണ് നല്‍കിയത്. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് മാറുന്ന തൊഴില്‍ മേഖലകളും സാഹചര്യങ്ങളും മനസിലാക്കുന്നതിനു വേണ്ടിയാണ് ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പാക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസത്തോടെയാണ് ഇതെല്ലാം പ്രഖ്യാപിച്ചത്. വയോജനങ്ങളെ സംരക്ഷിക്കാന്‍ ഔദാര്യം വാരിക്കൊടുക്കുന്ന വെല്‍ഫെയര്‍ പ്രോജക്ടുകളല്ല വേണ്ടത്. അവരെ സഹായിക്കുന്നതിനു വേണ്ടിയാണ് വയോജന വകുപ്പ് രൂപീകരിച്ചത്. ഒരാളും ഒറ്റപ്പെട്ടു പോകില്ലെന്ന് ഉറപ്പാക്കും. അതിനു വേണ്ടിയാണ് കെയര്‍ ഗിവര്‍ പദ്ധതി ആരംഭിക്കുന്നത്. രോഗികളെയും കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്താനാണ് കരുതല്‍ മിഷന്‍ രൂപീകരിച്ചത്.

തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം നമ്മുടെ സമ്പദ് വ്യവസ്ഥയും ഉത്തേജിക്കപ്പെടും. ജനങ്ങളുടെ തലയില്‍ നികുതി ഭാരം കെട്ടിവച്ചല്ല ഖജനാവില്‍ പണം നിറയ്ക്കുന്നത്. കൃത്യമായ നികുതി ഭരണത്തിലൂടെയും ഖജനാവിന്റെ ചോര്‍ച്ച തടഞ്ഞും ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം കെട്ടിവയ്ക്കാതെ ഈ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ സമീപനം.

സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചു എന്നതാണ് പ്രചരണം. ഈ ബജറ്റില്‍ എവിടെയെങ്കിലും സ്വകാര്യവത്ക്കരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്ക്കരിക്കുന്ന എന്ന ഒരു വാചകമെങ്കിലും ബജറ്റിലുണ്ടോ? ഒരു സ്ഥാപനവും സ്വകാര്യവത്ക്കരിക്കില്ല. ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ നയമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചുപൂട്ടുന്നത് ഞങ്ങളുടെ നയമല്ല. കെ.എസ്.ആര്‍.ടി.സിയിലും 3000 കോടി രൂപ നിങ്ങള്‍ നല്‍കാനുള്ള സിവില്‍ സര്‍വീസ് കോര്‍പറേഷനിലും ഞങ്ങള്‍ മാറ്റമുണ്ടാക്കും. കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കും. സപ്ലൈകോയെ പറ്റി ഒരുപാട് കാര്യങ്ങള്‍ ബജറ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും പറയുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് മോഡലില്‍ സപ്ലൈകോ സംഭരണം നടത്തി ലാഭമുണ്ടാക്കും. സര്‍ക്കാര്‍ സബ്‌സിഡി നല്‍കാതെ തന്നെ സപ്ലൈകോയെ സ്വയം പര്യാപ്തമാക്കും. വെള്ളാനകളായ പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ നികുതിപ്പണം എടുത്ത് നല്‍കലല്ല ഈ സര്‍ക്കാരിന്റെ ജോലി. കൃത്യമായ പദ്ധതികളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തമാക്കുകയും ലാഭകരമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ലാഭത്തിലായിരുന്നു കെ.എസ്.ഇ.ബി ഇപ്പോള്‍ എത്രായിരം കോടി രൂപയുടെ നഷ്ടത്തിലാണ്? 4 രൂപ 29 പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാറാണ് നിങ്ങള്‍ റദ്ദാക്കിയത്. ഇപ്പോള്‍ അതേ വൈദ്യുതി എട്ടും പതിനാലും രൂപയ്ക്ക് വാങ്ങി കോടികളുടെ ബാധ്യതയാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതാണോ നിങ്ങളുടെ പൊതുമേഖലയെ സംരക്ഷിക്കുന്ന നിങ്ങളുടെ നയം? വൈദ്യുതി ചാര്‍ജ് കൂട്ടി ബാധ്യത ജനങ്ങളുടെ തലയില്‍ വയ്ക്കുക എന്നതല്ല ഈ സര്‍ക്കാരിന്റെ നയം. വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കും. ആര്യാടന്‍ മന്ത്രിയായിരിക്കുമ്പോള്‍ 22 പൈസ കുറച്ച് നല്‍കിയ പരാമ്പര്യം ഞങ്ങള്‍ക്കുണ്ട്.

കരിമണല്‍ സ്വകാര്യവത്ക്കരിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്? സതേണ്‍ ഇക്കണോമിക് കൊറിഡോറിനെ കുറിച്ച് പറഞ്ഞിരിക്കുന്നിടുത്താണ് സമ്മിശ്ര സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച് സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് ഭാവിയില്‍ തന്ത്രപ്രധാനമായ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വികസനത്തില്‍ മുന്‍നിരയില്‍ എത്തിക്കുമെന്നും പറഞ്ഞിരിക്കുന്നത്. എവിടെയെങ്കിലും സ്വകാര്യവത്ക്കരിക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്. യു ടോണ്‍ ഉണ്ടാകില്ല. ആ വാക്കില്‍ ഉറച്ചു നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ കോള്‍ ഇന്ത്യ ലിമിറ്റഡും കെ.എം.എം.എല്ലും കെല്‍ട്രോണും ടൈറ്റാനിയവും എന്‍.എഫ്.റ്റി.ഡിസിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണുള്ളത്. അവിടെ ഖനനമില്ല. വാല്യൂ അഡിഷനാണ് നടത്തുന്നത്. ആ ക്രിട്ടിക്കല്‍ മിനറല്‍ കൊറിഡോര്‍ ഉണ്ടാക്കുക തന്നെ ചെയ്യും. സ്വകാര്യ വത്ക്കരണമെന്നത് ഇല്ലാക്കഥയാണ്. ആലപ്പുഴയില്‍ കരിമണല്‍ വാരാന്‍ അനുമതി നല്‍കിയത് ആരാണ്? അതൊന്നും പറയിക്കരുത്. നിയോ കേരള മോഡല്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. വ്യവസായ സേവന മേഖലകളെ ശക്തിപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കണം.

നവലിബറല്‍ നയം എന്ന് നിങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സാമ്പത്തിക പരിഷ്‌ക്കാരം നടപ്പാക്കി. നികുതി വരുമാനം വര്‍ധിച്ച് ഖജനാവ് നിറഞ്ഞു. അങ്ങനെ ഉണ്ടായ പണം തൊഴിലുറപ്പ് പദ്ധതിയിലൂടെ വിദൂരഗ്രാമങ്ങളിലെ സ്ത്രീകളുടെ കൈകളിലെത്തി. എന്‍.ആര്‍.എച്ച്.എമ്മും റൈറ്റ് ടു എഡ്യുക്കേഷനും കൊണ്ടുവന്നു. അതേ നിലപാടാണ് ഈ സര്‍ക്കാരിനും. സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വികസന മോഡലുണ്ടാക്കുകയാണ് ലക്ഷ്യം. പറ്റാവുന്ന രംഗങ്ങളിലൊക്കെ സ്വകാര്യ നിക്ഷേപം ഉണ്ടാകണം. പറ്റാത്തിടത്ത് ഉണ്ടാകില്ല. നിക്ഷേപം പ്രോത്സാഹിപ്പിക്കണം. നിങ്ങള്‍ എന്തിനാണ് നിക്ഷേപക സംഗമം നടത്തി 500 കോടിയില്‍ കൂടുതല്‍ കൊണ്ടുവരുന്നവരെ പൊന്നാട അണിയിച്ചത്? ആ പരിപാടിയില്‍ പ്രതിപക്ഷവും പങ്കെടുത്തതാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികളുടെ റിമിറ്റെന്‍സാണ്. അവര്‍ അയയ്ക്കുന്ന പണം കൊണ്ടുള്ള റിമിറ്റന്‍സ് ഇക്കോണമിലെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റണം. സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികള്‍ പദ്ധതികളില്‍ നിക്ഷേപിക്കട്ടെ. കെ. കരുണാകരന്‍ ഉണ്ടാക്കിയ സിയാല്‍ മോഡല്‍ നമുക്ക് മുന്നിലുണ്ട്. സാധാരണക്കാരായ പ്രവാസികളെ നിക്ഷേപകരമാക്കി കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ പങ്കാളികളാക്കി മാറ്റണം. അതേക്കുറിച്ചെല്ലാം കൃത്യമായ പദ്ധതികള്‍ ഈ സര്‍ക്കാരിനുണ്ട്. പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്. എ.ഐ ഈ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. ഡാറ്റ ഡ്രിവണ്‍ ഗവേണന്‍സാകും നടപ്പാക്കുന്നത്. ഒരു നിക്ഷേപകന്‍ വന്നാല്‍ അയാള്‍ക്ക് എല്ലാ ക്ലിയറന്‍സും കിട്ടിയോ എന്ന് ഉറപ്പാക്കും.

നയാപൈസയുടെ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കും. നികുതി ചോര്‍ച്ച പൂര്‍ണമായും അടയ്ക്കും. പദ്ധതി അടങ്കലില്‍ കുറവ് വന്നപ്പോള്‍ എസ്.സി / എസ്. ടി വിഭാഗങ്ങള്‍ക്ക് ഒരു കുറവും വരാന്‍ പാടില്ല എന്ന ദൃഢനിശ്ചയമായിരുന്നു ഈ സര്‍ക്കാരിന്. അതുകൊണ്ടുതന്നെ എസ്.സി വിഭാഗങ്ങള്‍ക്ക് 527 കോടി രൂപയും എസ്.ടി വിഭാഗത്തിന് 152 കോടി രൂപയും അധികമായി വകയിരുത്തിയത്. ഫിഷറീസിലും 50 കോടി അധികമായി വയ്ക്കുകയും മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി വര്‍ധിപ്പിച്ച് നല്‍കുകയും ചെയ്തു. അവര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശിക നല്‍കിയില്ലെന്നുള്ള പ്രചരണം പലതവണ ഞങ്ങള്‍ പൊളിച്ചടുക്കിയതാണ്. തോമസ് ഐസക് ധവള പത്രം ഇറക്കിയപ്പോള്‍ അതില്‍ ഇതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഭരണപരമായ നടപടിക്രമങ്ങള്‍ മാറുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തെ പെന്‍ഷന്‍ വൈകിയെന്നാണ് തോമസ് ഐസക് പറഞ്ഞത്. എന്നിട്ടാണ് 18 മാസം മുടങ്ങിയെന്ന് പറഞ്ഞത്. നിങ്ങളുടെ കാലത്ത് നാല് മാസം പെന്‍ഷന്‍ മുടങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. പെന്‍ഷനു വേണ്ടി ഉണ്ടാക്കിയ കമ്പനിയുടെ കടം 17175 കോടി രൂപയാണ്. 1100 കോടി രൂപയാണ് ഒരു മാസം നല്‍കേണ്ട പെന്‍ഷന്‍. 16 മാസം പെന്‍ഷന്‍ കൊടുക്കാന്‍ കടം വാങ്ങിയ പണത്തിന്റെ ബാധ്യത തീര്‍ക്കേണ്ടത് ഈ സര്‍ക്കാരാണ്. ഇങ്ങനെയുള്ളവരാണ് പെന്‍ഷന്‍ നല്‍കിയെന്നു പറയുന്നത്. ഇവര്‍ 16 മാസം നല്‍കിയ പെന്‍ഷന്‍ തുകയും ഈ സര്‍ക്കാര്‍ നല്‍കണം. വനം വന്യജീവി സംഘര്‍ഷം നേരിടാനും പദ്ധതി വിഹിതമുണ്ടായിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കും. മലയോരത്തെ ജനങ്ങള്‍ക്ക് വേണ്ടി മികച്ച പദ്ധതികളുണ്ടാക്കും.

ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്ക് മുന്നില്‍ വിളക്ക് വച്ചതാണ് പി.എം ശ്രീ എന്നാണ് സി.പി.ഐയിലെ പി പ്രസാദ് പറഞ്ഞത്. ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാരാണ്. . പിന്‍വലിക്കാനും മരവിപ്പിക്കാനും വേണ്ടിയാണോ ഒപ്പുവച്ചത്. മരവിപ്പിക്കാന്‍ പ്രൊവിഷനില്ല. സബ്കമ്മിറ്റി തീരുമാനം എടുത്ത് പി.എം ശ്രീ നടപ്പാക്കില്ലെന്ന കത്ത് നല്‍കാന്‍ തയാറായോ? ഞങ്ങള്‍ പി.എം ശ്രീ നടപ്പാക്കും എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞങ്ങളും ഒരു സബ് കമ്മിറ്റിയെ നിയോഗിച്ച് തീരുമാനം എടുക്കും. കരിക്കുലം സ്വാതന്ത്ര്യം അടിയറവയ്ക്കില്ല. സ്‌കൂളുകള്‍ സര്‍ക്കാര്‍ തിരഞ്ഞെടും. ഒരു അവകാശവും അടിയറ വയ്ക്കില്ലെന്നതാണ് ഞങ്ങളുടെ നയം.

63 സീറ്റുമായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് തമ്മില്‍ തല്ലി തകരും എന്നാണ് ബി.ജെ.പി അംഗം പറഞ്ഞത്. ബി.ജെ.പിയില്‍ നിന്നും ജയിച്ചു വന്ന മൂന്ന് നേതാക്കളും തമ്മില്‍ നല്ല യോജിപ്പാണല്ലോ, അല്ലേ? മൂന്ന് പോരും മൂന്നിടത്താണ് ഇരിക്കുന്നത്. യോജിപ്പായതു കൊണ്ടാണല്ലോ അങ്ങനെ.

കോണ്‍ഗ്രസില്‍ പ്രശ്‌നമാണെന്ന് സി.പി.എം പറയുന്നത്. ഞങ്ങള്‍ സര്‍ക്കാരുമായി മുന്നോട്ട് പോകുകയാണ്. സി.പി.എമ്മില്‍ എല്ലാം ശാന്തമാണോ? ഞാന്‍ പ്രതിപക്ഷ നേതാവായി വന്നപ്പോള്‍ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും സി.പി.എം അണികള്‍ ചോദ്യം ചെയ്യുകയാണ്. സി.പി.എമ്മില്‍ എല്ലാം നന്നായി നടക്കുന്നുവെങ്കില്‍ സന്തോഷം. ഒരു തിരുത്തലും വേണ്ടെന്ന് നിങ്ങള്‍ തീരുമാനിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങള്‍ ഇങ്ങനെ തന്നെ പോകണം. ഞങ്ങളുടെ പാര്‍ട്ടിയെയും മുന്നണിയെയും കുറിച്ച് പറഞ്ഞാല്‍ തിരിച്ച് മറുപടി കിട്ടും.

മദ്യത്തിന് നികുതി ഏര്‍പ്പെടുത്തിയത് ബക്കാര്‍ഡി കമ്പനിയുമായി ഏര്‍പ്പെട്ടിട്ടാണെന്നതാണ് അടുത്ത ആരോപണം. എത്ര കിട്ടി എന്നതാണ് ചോദ്യം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനകം എം.വി ഗോവിന്ദന്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ട് നല്‍കി. വീര്യം കുറഞ്ഞ മദ്യം യുവതലമുറയെ നശിപ്പിക്കുമെന്നതാണ് അടുത്ത വാദം. ഉദയഭാനു കമ്മിഷന്റെ ശിപാര്‍ശ അനുസരിച്ച് സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുമെന്നാണ് അതേ സര്‍ക്കാരിന്റെ മദ്യനയത്തിലും പറഞ്ഞത്. ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ് അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും വിദേശ മദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അന്നത്തെ എക്‌സൈസ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ബക്കാഡി ആവശ്യപ്പെട്ടതു പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാല്‍ നടപ്പാക്കായില്ല. ഫയലില്‍ ഈ സര്‍ക്കാര്‍ ശകവേഗത്തില്‍ തീരുമാനം എടുത്തതെന്നതാണ് അടുത്ത ആരോപണം. ബജറ്റില്‍ നികുതി തീരുമാനക്കുന്നത് ശരവേഗതയിലാണ്. എല്ലാ നികുതിയും അങ്ങനെയാണ് തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ചശേഷം പുതിയ സര്‍ക്കാര്‍ കൂടിയ നികുതിയാണ് നിശ്ചയിച്ചത്. 2018-19ല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വീര്യമുള്ള ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറിന് 78 ശതമാനം നികുതിയാണ് മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. 2022-2023ല്‍ അത് 115 ശതമാനമാക്കി. അതായത് ബിയറിനും താഴെ. ജോണി വാക്കറില്‍നിന്നും ഷിവാസ് റീഗലില്‍നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ 78 ശതമാനം നികുതി നിശ്ചയിച്ചത്.

വീര്യം കുറഞ്ഞ മദ്യം എന്ന കാറ്റഗറി കൊണ്ടു വന്നത് നിങ്ങളാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. മദ്യ നയം തീരുമാനിക്കുന്നത് യു.ഡി.എഫാണ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യു.ഡി.എഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ നിശ്ചയിച്ച നികുതിയായിരിക്കും. വില്‍ക്കേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കില്‍ വില്‍ക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണ്. സര്‍ക്കാരിന്റെ ഫയലുകള്‍ കെ.പി.സി.സിയിലേക്ക് പോകില്ല. പണ്ട് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോല്‍ ഫയലുകള്‍ എകെജി സെന്ററില്‍ കൊണ്ടുപോയിരുന്നതു പോലെ ഇപ്പോള്‍ ഒരു പാര്‍ട്ടി ഓഫീസിലേക്കും ഫയലുകള്‍ പോകില്ല. ഒരു മന്ത്രിയും അതു ചെയ്യില്ല. നികുതി നിശ്ചയിക്കുന്ന ഫയല്‍ പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോകുന്ന രീതിയും മുഖ്യമന്ത്രി അറിയാതെ ഫയല്‍ അടിച്ചു മാറ്റി പാര്‍ട്ടി ഓഫീസില്‍ കൊടുക്കുന്ന രീതിയും ഈ സര്‍ക്കാരില്‍ ഉണ്ടാകില്ല.

മദ്യത്തിന്റെ വ്യാപനം അരുതെന്നാണ് പ്രതിപക്ഷം ഉപദേശിക്കുന്നത്. 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ 28 ബാറാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 900ല്‍ അധികം ബാറാണുള്ളത്. മദ്യവ്യാപനം തടയാനാണ് ഇങ്ങനെ ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തില്‍ മദ്യം ഒഴുക്കിയവരുടെ പ്രതിനിധികളാണ് മദ്യം വിഷമാണെന്ന് ഞങ്ങളെ ഉപദേശിക്കുന്നത്. എത്ര കിട്ടിയെന്നു നിങ്ങള്‍ ചോദിക്കുന്നതു കൊണ്ടാണ് എത്ര മേടിച്ചുവെന്ന് ചോദ്യം ഉന്നയിക്കുന്നത്.

കേരളത്തെ മാറ്റി എഴുതാനുള്ള ബജറ്റാണിത്. വളര്‍ന്ന വരുന്ന തലമുറ പ്രതീക്ഷയോടെയാണ് ഞങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെയും യുവതലമുറയുടെയും പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കും. അക്കാര്യം നിയമസഭയ്ക്കും കേരളത്തിനും ഉറപ്പ് നല്‍കുന്നു.

  1. ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.
  2. എ.ഐ വകുപ്പിന് 100 കോടി അധികമായി വകയിരുത്തും.
  3. അരൂരില്‍ കെ ആര്‍ ഗൗരിയമ്മ സ്മാരകം പണിയാന്‍ 1 കോടി രൂപ വകയിരുത്തുന്നു
  4. ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആധുനിക സൗകര്യങ്ങളോട് കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കുന്നതിനും കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനും 5 കോടി രൂപ വകയിരുത്തുന്നു
  5. തിക്കോടി മൂടാടി പഞ്ചായത്തിലെ കോടിക്കല്‍ മിനി ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് 7.5 കോടി രൂപ വകയിരുത്തുന്നു
  6. മാവൂര്‍ പഞ്ചായത്തിലെ കുറ്റിക്കടവ് പാലം 10 കോടി രൂപ വകയിരുത്തുന്നു
  7. പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 50 ലക്ഷം വകയിരുത്തുന്നു
  8. അമ്പൂരി പഞ്ചായത്ത് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ വകയിരുത്തുന്നു
  9. വ്യവസായ, ഐ ടി, ഫ്യൂച്ചര്‍ ടെക്‌നോളജി ആന്‍ഡ് എ ഐ വകുപ്പിന് 100 കോടി രൂപ അധികമായി വകയിരുത്തുന്നു.
  10. തിരൂര്‍ കാന്‍സര്‍ ആശുപത്രിക്ക് ഉപകരണം വാങ്ങാന്‍ 3 കോടി വകയിരുത്തുന്നു.
  11. നീര്‍ക്കടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററിന് 5 കോടി രൂപ വകയിരുത്തുന്നു.
  12. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സ്റ്റേഡിയം നിര്‍മ്മാണം – 5 കോടി വകയിരുത്തുന്നു
  13. ഷിറിയ റയില്‍വേ അടിപ്പാത നിര്‍മ്മാണത്തിനായി 3 കോടി രൂപ വകയിരുത്തുന്നു
  14. കറുകച്ചാല്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 1 കോടി രൂപ വകയിരുത്തുന്നു
  15. വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ നവീകരണത്തിന് 2 കോടി വകയിരുത്തുന്നു
  16. കോവളം നിയോജകമണ്ഡലത്തില്‍ സ്ഥലം വാങ്ങി സ്റ്റേഡിയം നിര്‍മ്മിക്കുകവന്‍ ആവശ്യമായ 20 കോടി അനുവദിക്കുന്നു.
    17.കക്കോടി പോലീസ് സ്റ്റേഷന്‍ 2 കോടി വകയിരുത്തുന്നു
  17. കരുവട്ടൂര്‍ എഫ് എച് സി യെ സി. എച്ച്. സി ആയി ഉയര്‍ത്താന്‍ 1.5 കോടി കോടി വകയിരുത്തുന്നു.
  18. കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാഞ്ഞിരം മുതല്‍ ആനമൂളി വരെയുള്ള റോഡ് 1 കോടി വകയിരുത്തുന്നു
  19. നീലിപ്പാറ മണിയന്‍ കിണര്‍ റോഡ് നവീകരണം 2 കോടി വകയിരുത്തുന്നു
  20. പുഞ്ചിരിപ്പാടം റോഡ് അഭിവൃദ്ധിപ്പെടുത്താലും സൗദര്യ വത്കരണവും 1 കോടി വകയിരുത്തുന്നു
  21. വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ 5 കോടി അനുവദിക്കുന്നു
  22. പുത്തൂര്‍ ചെന്നക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ടം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു
  23. ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, അങ്കമാലി മണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉള്‍പ്പെടെ നാലമ്പല തീര്‍ത്ഥാടന പാക്കേജിനായി 10 കോടി രൂപ അനുവദിക്കുന്നു
  24. കടുത്തുരുത്തി വലിയ തോടുകളുടെയും, വിവിധ ജലാശയങ്ങളുടെയും പുനരുജ്ജീവനും, വെള്ളപ്പൊക്ക നിയന്ത്രണവും ജലസേചന ടൂറിസം അടിസ്ഥാന സൗകര്യ വികസനം : 10 കോടി
    കടുത്തുരുത്തി പഞ്ചായത്തില്‍ ജലസേചന വകുപ്പിന് വേണ്ടിയുള്ള പുതിയ കെട്ടിട നിമ്മരണവും അനുബന്ധ വികസനം പ്രവര്‍ത്തനങ്ങളും : 2 കോടി അനുവദിക്കുന്നു
  25. പുനലൂര്‍ റവന്യു ടവര്‍ 1 കോടി അനുവദിക്കുന്നു
  26. ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നിര്‍മ്മാണം 2 കോടി അനുവദിക്കുന്നു
  27. കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം 5 കോടി രൂപ വകയിരുത്തുന്നു
  28. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയില്‍ എല്‍ ബി എസ് ഇന്റഗ്രേറ്റഡ് ഇൻസ്ടിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിന് 5 കോടി അനുവദിക്കുന്നു
  29. പാലാ എറണാകുളം സൂപ്പര്‍ഫാസ്റ്റ് ഹൈവേ നിര്‍മ്മാണ പഠനം 1 കോടി വകയിരുത്തുന്നു
  30. റിവര്‍വ്യൂ റോഡ് വന്നു നില്‍ക്കുന്ന സാന്തോം കോംപ്ലക്‌സ് മുതല്‍ വൈക്കം റോഡ് ആര്‍ വി ജങ്ങ്ഷന്‍ ക്രോസ് ചെയ്തു ഒരു ഫ്‌ലൈ ഓവര്‍ 10 ലക്ഷം വകയിരുത്തുന്നു
  31. പാലായിലെ പൂര്‍ത്തിയാകാത്ത ബൈപാസ് റോഡിനു റിവര്‍വ്യൂ റോഡിനും ഭൂമി ഏറ്റെടുക്കുന്നത് വേണ്ടി 5 കോടി അനുവദിക്കുന്നു
  32. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ ഇല്ലിക്കാകല്ലി വികസനം 3 കോടി രൂപ
  33. പിറവത്ത് ടി എം ജേക്കബ് സ്മാരകം നിര്‍മിക്കാന്‍ 50 ലക്ഷം അനുവദിക്കുന്നു
  34. ആലുവ നാഷണല്‍ ഹൈവേ പുളിഞ്ചോടുമുതല്‍ മംഗലപ്പുഴ പാലം വരെ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിനായി എന്‍ എ ടി പി എ സി യെ കൊണ്ട് സാധ്യത പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് 30 ലക്ഷം
  35. എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിനായി 5 കോടി രൂപ അധികമായി വകയിരുത്തുന്നു
  36. കായംകുളം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരണം 4 കോടി രൂപ വകയിരുത്തുന്നു
  37. രാമന്തളി വടക്കുമ്പാട് മാപ്പിള യു പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1 കോടി രൂപ വകയിരുത്തുന്നു
  38. പേരൂര്‍ക്കട ജില്ലാ മോഡല്‍ ഹോസ്പിറ്റല്‍ 6 കോടി രൂപ വകയിരുത്തുന്നു
  39. കന്യാകുളങ്ങര സിയോണ്‍ കുന്ന് റോഡ് 2 കോടി രൂപ വകയിരുത്തുന്നു
  40. മല്ലപ്പള്ളി ഫയര്‍ സ്റ്റേഷന് ഒരു കോടി രൂപ രൂപ അനുവദിക്കുന്നു
  41. മുണ്ടക്കയം എഫ് എച് സി യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തുന്നു
  42. കാഷ്യൂ വര്‍ക്കേഴ്‌സിന് ഗ്യാറ്റുവിറ്റിയായി 10 കോടി അധികമായി അനുവദിക്കുന്നു.
  43. കരമന- കളിയിക്കാവിള നാലുവരി പാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *