പെരുമ്പാവൂരിനെ ലഹരിയിൽ നിന്ന് മോചിപ്പിക്കും: മന്ത്രി ചെന്നിത്തല

Share

പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രം എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പെരുമ്പാവൂരിൽ സംഘടിപ്പിച്ച തൂഫാൻ ജാഗരൺ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തടിയുടെയും പ്ലൈവുഡിന്റെയും ഈറ്റില്ലമായ പെരുമ്പാവൂരിലെ അധ്വാനശീലരായ ജനങ്ങളുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ലഹരി മാഫിയയ്ക്കെതിരെ പോലീസും ജനങ്ങളും കൈകോർക്കുന്ന ഒരു സംയുക്ത നീക്കത്തിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ.

ലഹരി മാഫിയകൾ എത്ര ഒളിച്ചിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും.

കേരളത്തിൽ അതിഥി തൊഴിലാളികളെ മറയാക്കി വൻതോതിലുള്ള ലഹരി ബിസിനസ്സാണ് മാഫിയകൾ നടത്തുന്നത്. ഇതിന് പിന്നിൽ തദ്ദേശീയരായ ചില മലയാളികളുടെയും ക്രിമിനലുകളുടെയും സഹായമുണ്ടെന്നത് ഗൗരവതരമായ വസ്തുതയാണ്. ലഹരി മാഫിയയിൽ പങ്കാളികളാകുന്ന ഓരോരുത്തരുടെയും പിന്നാലെ പോലീസുണ്ട്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ലഹരി മാഫിയയ്ക്കെതിരെ ഇത്രയും വലിയൊരു പോരാട്ടം നടന്നിട്ടില്ല. നിലവിൽ പോലീസ് നടപടികൾ ഭയന്ന് താത്കാലികമായി ഒളിച്ചിരിക്കുന്ന ലഹരി സംഘങ്ങൾ ഈ പണി നിർത്തിയില്ലെങ്കിൽ അവരുടെ കൈകളിൽ വിലങ്ങുവീഴുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ലഹരിക്കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡി.ജി.പി മാരുടെ സംയുക്ത യോഗം കേരളത്തിൽ ചേരും. അതിർത്തികൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനയും ഇന്റലിജൻസ് വിവരങ്ങൾ കൈമാറലും ഈ യോഗത്തിൽ തീരുമാനിക്കും. ലഹരി ശൃംഖലയെ അടിയോടെ തകർക്കാതെ കേരള പോലീസ് ഈ പോരാട്ടത്തിൽ നിന്ന് പിന്തിരിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *