ജലപീരങ്കി എന്ന് കേട്ടാൽ ഇപ്പോൾ എൽ.ഡി.എഫിന് ദേഹമാസകലം ചൊറിച്ചിലാകും. അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ അടിപതറാത്തവരാണ് ജലപീരങ്കിക്ക് മുന്നിൽ പതറി തകർന്നടിച്ച് നിൽക്കുന്നത്.
അതിന് മുന്നിൽ നിൽക്കുന്നതാകട്ടെ പ്രതിപക്ഷ നേതാവ് സാക്ഷാൽ പിണറായി വിജയനും.
പിണറായി നിയമസഭയിലെത്തിയത് ഒരു കുപ്പിവെള്ളവുമായി. കുടിക്കാനല്ല, പ്രതിഷേധിക്കാൻ. സംഭവം എന്തെന്നല്ലേ? ജലപീരങ്കി തന്നെ പ്രശ്നം.
പി. എം. ശ്രീയിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും നടത്തിയ നിയമസഭ മാർച്ചിന് നേരെ ജലപീരങ്കി ഉപയോഗിച്ചപ്പോൾ അതിൽ നിന്ന് തെറിച്ചത് ചെളിവെള്ളമായിരുന്നുവെന്നും ഇത് പല തരത്തിലുള്ള രോഗങ്ങൾക്കിടയാക്കുമെന്നുമായിരുന്നു പിണറായിയുടെ വിലാപം. അത് തെളിയിക്കാനാണ് ഒരു കുപ്പിവെള്ളവുമായി സഭയിലെത്തിയത്.
വെള്ളം ഉയർത്തിക്കാട്ടി പറഞ്ഞപ്പോൾ ലാബിൽ അയച്ച് പരിശോധിക്കാമെന്നായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഇത് ഒരു നീതിമാനായ, ജനകീയനായ ഒരു സ്പീക്കറുടെ മഹാ മനസ്കത.
നേരെ തിരിച്ചൊന്ന് ചിന്തിച്ച് നോക്കിയേ. പിണറായി ഭരിച്ചിരുന്ന കാലത്താണ് ഇങ്ങനെയൊരു കുപ്പിവെള്ളവുമായി പ്രതിപക്ഷം വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ. ഭരണപക്ഷം ഇല്ലാത്ത അട്ടഹാസം മുഴുവൻ മുഴക്കില്ലായിരുന്നോ?
സ്പീക്കർ ലാബിലേക്ക് അയക്കു മായിരുന്നോ? ഇതാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം.
പിണറായി ഭരിച്ചിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൻ്റെയും മറ്റ് യുവജന സംഘടനകളെയും മറ്റും ജലപീരങ്കി വെള്ളത്തിൽ കുളിപ്പിച്ച് കിടത്തിയവരാണ് ഇപ്പോൾ ആദർശ ശുദ്ധിയുമായി ഇറങ്ങിയിരിക്കുന്നത്.
കെ റെയിലിന് മഞ്ഞക്കുറ്റിക്കെതിരെ പ്രതിഷേധിച്ച അമ്മ സഹോദരിമാരെ പൊലീസ് വലിച്ചിഴച്ചപ്പോഴും സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ ഒന്നര വർഷത്തിലധികം വെയിലും മഴയുമേറ്റ് കിടന്നപ്പോഴൊന്നും കാണാത്ത പിണറായിയുടെ മനസ് ജലപീരങ്കിക്ക് മുന്നിൽ അലിഞ്ഞത് മഹാഅത്ഭുതം തന്നെ!