ചെന്താമരക്ക്തൂക്ക് കയർ

Share

[അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി ]

ഒരു നാടിനെയാകെ
നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേ സാണിതെന്ന് വധശിക്ഷ വിധിച്ച പാലക്കാട് ജില്ല സെഷൻസ് കോടതി വ്യക്തമാക്കി.

പ്രതി 20 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണം.

2025 ജനുവരി 27നാണ് ഇരട്ടക്കൊലപാതകം നടന്നത്.പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ
സുധാകരൻ (56),
അമ്മ ലക്ഷ്മി (75) എന്നിവരെയാണ്
ബോയൻ നഗർ സ്വദേശി ചെന്താമര കൊലപ്പെടുത്തിയത്.

സ്കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തി കെട്ടി വെട്ടി വീഴ്ത്തി. ശബ്ദംകേട്ട് ഇറങ്ങി വന്ന ലക്ഷ്മിയേയും വെട്ടി. സുധാകരൻ സ്ഥലത്ത് വച്ച് മരിച്ചു, ലക്ഷ്മി ആശുപത്രിയിൽ വച്ചും.

2019-ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറത്ത് കൊന്നിരുന്നു.
തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയത്തിലായിരുന്നു കൊല.
“നീണ്ട മുടിയുള്ള സ്ത്രീ” ആണ് ഭാര്യ പിണങ്ങി പോകാൻ കാരണം എന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ചായിരുന്നു കൊല.

ആ കേസിൽ ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മയെയും കൊന്നത്.

കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഒളിവില്‍ പോയ ചെന്താമരയെ പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നായിരുന്നു പിടികൂടിയത്.

480 പേജുള്ള കുറ്റപത്രം 57 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘ സമർപ്പിച്ചത്.
130 സാക്ഷികൾ, 30 ശാസ്ത്രീയ തെളിവുകൾ
വെട്ടുകത്തിയുടെ പിടിയിൽ ചെന്താമരയുടെ ഡി.എൻ.എ, ലുങ്കിയിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തം,ദൃക്സാക്ഷി സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊല്ലുന്നത് കണ്ട ഗീരീഷിൻ്റെ മൊഴി എന്നിവ തെളിവായി പ്രോസിക്യൂഷൻ നിരത്തി.

കുറ്റക്കാരനാണെന്ന് തെളിഞ്ഞപ്പോൾ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ
“എന്നെ തൂക്കിക്കൊന്നോളൂ”
എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്.