ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് വീണാ ജോർജ്

Share

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളിൽ കാലതാമസം ഉണ്ടാകരുതെന്നും ലൈസൻസിന് അപേക്ഷിക്കുന്നവർ അർഹരാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ലൈസൻസ് നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർക്ക് ലൈസൻസ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലിൽ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് നടത്തുകയാണ്. ഈ പ്രത്യേക ഡ്രൈവിലൂടെ ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതാണ്. ലൈസൻസിന് പകരം രജിസ്ട്രേഷൻ ഉപയോഗിക്കാൻ പാടുള്ളതല്ല. വളരെ ചെറിയ കച്ചവടക്കാർ മാത്രമേ രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കാൻ പാടുള്ളൂ.

ഭക്ഷ്യ സുരക്ഷാ ലൈസൻസിന് വേണ്ടി വളരെ നാമമാത്രമായ രേഖകൾ മാത്രമാണ് സമർപ്പിയ്ക്കേണ്ടത്. ലൈസൻസ് ലഭിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ സുതാര്യമായതും എളുപ്പത്തിൽ നേടിയെടുക്കാവുന്നതുമാണ്. ലൈസൻസിനായി അപേക്ഷ സമർപ്പിക്കുമ്പോൾ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ടത് അവരുടെ തന്നെ ഉപയോഗത്തിലുള്ള ടെലഫോൺ നമ്പറും, ഇ-മെയിൽ വിലാസവുമാണ് നൽകേണ്ടത്. കാരണം ലൈസൻസ് സംബന്ധിച്ച നർദ്ദേശങ്ങൾ, ടൈം ലൈനുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം തന്നെ ലൈസൻസ് അപേക്ഷയിൽ നിൽകിയിരിക്കുന്ന ഫോൺ നമ്പറിലേയ്ക്കും, ഇ-മെയിൽ വിലാസത്തിലേയ്ക്കും മെസേജായി വിവിധ സമയങ്ങളിൽ അറിയിക്കുന്നതാണ്.