സംസ്ഥാന ബഡ്സ് കലോത്സവത്തിന് ഞായറാഴ്ച്ച (13) തുടക്കമാകും

Share

എറണാകുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകി അവരുടെ കലാഭിരുചികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനു കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച (നവംബര്‍ 13) കളമശ്ശേരി കുസാറ്റില്‍ ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നടന്ന ജില്ലാ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് സംസ്ഥാന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ ബൃഹത്തായ സാമൂഹ്യ ഇടപെടലുകളില്‍ ഒന്നാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾക്കു വേണ്ടിയുളള ബഡ്‌സ് സ്ഥാപനങ്ങൾ.

കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നങ്ങളിൽ ഏറ്റവും വലിയ കാൽവപ്പായിരുന്നു കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആരംഭിച്ച ബഡ്സ് സ്പെഷ്യൽ സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും. കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിലൊന്നാണ് ബഡ്സ് സ്ഥാപനങ്ങൾ. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ 328 ബഡ്‌സ് സ്ഥാപനങ്ങളിലായി 11027 കുട്ടികള്‍ പരിശീലനം നേടി വരുന്നു. കലോത്സവത്തിന്റെ സമാപന സമ്മേളനം‍ തിങ്കളാഴ്ച്ച (നവംബര്‍ 14 ) വൈകിട്ട് 3.30 ന് നിയമ, വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും.