സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത: 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

Share

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.

ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. പൊതു വിപണിയിൽ വില പിടിച്ചുനിർത്തുന്ന ഇടപെടൽ സപ്ലൈകോ തുടരുകയാണെന്നും കഴിഞ്ഞകാലങ്ങളിൽ ഇത്തരം ഇടപെടലുകളുടെ പ്രയോജനം വലിയ തോതിൽ ജനങ്ങൾക്ക് ലഭിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം കേരളത്തിൽ വിലക്കയറ്റം ബാധിച്ചില്ല. അരി വണ്ടി, മൊബൈൽ വാഹനങ്ങൾ എന്നിവ വഴി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകാൻ സാധിച്ചു.

1437 രൂപ യഥാർഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡിയായി 755 രൂപ നിരക്കിൽ ചന്തയിൽ നൽകുന്നത്. സബ്‌സിഡി നിരക്കിൽ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വൻപയർ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റർ) 125 രൂപ എന്നിങ്ങനെ ലഭിക്കും.