അങ്കണവാടികളിൽ “പൈതൽ കൃഷി പദ്ധതിയുമായി” ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

Share

എറണാകുളം: പഠനത്തിനോടൊപ്പം കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ അങ്കണവാടികളിൽ “പൈതൽ കൃഷി പദ്ധതിയുമായി” ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്. ചെറു പ്രായത്തിലെ കുട്ടികളെ കാർഷികവൃത്തിയെ കുറിച്ച് പരിചയപ്പെടുത്തുക, കൃഷിയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ 24 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും.

വിഷരഹിത സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ജനകീയ ആസൂത്രണ പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കണവാടികളിൽ വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

പഞ്ചായത്തിലെ തുമ്പാക്കടവ് ചാച്ചാജി അങ്കണവാടിയിൽ ആണ് പദ്ധതിക്ക്‌ തുടക്കമായത്. മറ്റ് അങ്കണവാടികളിലും പദ്ധതി ഉടൻ ആരംഭിക്കും.എല്ലാ അംഗണവാടികൾക്കും ആവശ്യമായ ചട്ടികളും,തക്കാളി,വെണ്ടയ്ക്ക,മുളക്,വഴുതനങ്ങ, തുടങ്ങിയ വിവിധയിനം പച്ചക്കറി വിത്തുകളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.