ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം

Share

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം നടക്കുക. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടികൾ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലം വരെയും സ്‌കൂൾ തലം വരെയും ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

നവംബർ 1നാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്‌കൂളുകൾ ഇല്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാർഥം ഒക്ടോബർ 30, 31 തീയതികളിൽ വ്യാപകമായ വിളംബരജാഥകൾ സംഘടിപ്പിക്കും.