റാന്നി നോളജ് വില്ലേജ് പദ്ധതി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായിയായി ജ്വാലയ്ക്ക് തുടക്കമായി

Share

പത്തനംതിട്ട: ഗണിതത്തിന്റെ മന്ത്രികതയിലൂടെ വിദ്യാര്‍ഥികളെ സഞ്ചരിപ്പിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റാന്നി നോളജ് വില്ലേജിന്റെ ഭാഗമായ ജ്വാല പദ്ധതി എംഎസ് എച്ച്എസ്എസില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആവണി മനോജിനൊപ്പം തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന രീതിയിലാണ് ജ്വാല പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

നൂതന ശൈലിയുള്ള പഠനരീതിയാണ് റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ഇതിന്റെ നല്ല വക്താക്കളാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരു വിഷയം പഠിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തിയാല്‍, പുതിയ വെളിച്ചത്തിലൂടെ ആ വിഷയത്തെ ഇഷ്ടപ്പെട്ട് പഠിക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്താനുള്ള കൈത്താങ്ങാണ് ജ്വാല എന്നും കളക്ടര്‍ പറഞ്ഞു.പല കാരണങ്ങളാല്‍ പഠനത്തില്‍ പിന്നിലാകുന്ന വിദ്യാര്‍ഥികളെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ജ്വാല എന്ന് അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഗണിതപഠനത്തിന് സഹായിക്കും. തുടര്‍ന്ന് ഇംഗ്ലീഷും മറ്റ് വിഷയങ്ങളിലും സഹായം നല്‍കുന്ന വൈജ്ഞാനീക മാതൃകയായി പദ്ധതിയെ മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.

സ്‌കൂള്‍വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കോളജ് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം പഠനത്തില്‍ സഹായിക്കുന്നതിലൂടെ ഭാവിതലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈജ്ഞാനിക വികസനത്തിലൂടെ സാമൂഹ്യ പുരോഗതിയും വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കുന്നതും ലക്ഷ്യമിട്ട് റാന്നി മണ്ഡലത്തില്‍ ആരംഭിച്ച നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ജ്വാല ആരംഭിച്ചത്.