പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: പി എ മുഹമ്മദ് റിയാസ്

Share

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026ഓടെ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശിയപാത വികസനം എന്നിവ കേരളത്തിൻ്റെ പ്രധാനപ്പെട്ട പദ്ധതികളാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. 1200 കിലോമീറ്റർ വരുന്ന മലയോര ഹൈവേ യാഥ്യാർത്ഥ്യമാകുന്നതോടെ കാർഷിക മേഖലയിലും ടൂറിസം മേഖലയിലും വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചാലക്കുടി – വെളളിക്കുളങ്ങര മാരാങ്കോടിൽ നിന്നാരംഭിച്ച് വെളളിക്കുളങ്ങര സ്കൂൾവരെ 2.300 കിലോമീറ്റർ ദൂരം 2.50 കോടി രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തിയത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 5.5 മീറ്റർ വീതിയിൽ റോഡിന്റെ മുകൾഭാഗം ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തൽ, 811 മീറ്ററിൽ കാനനിർമ്മാണം, 3370 മീറ്ററിൽ ഐറിഷ് ഡ്രെയിനേജ് നിർമാണം, മൂന്ന് കൾവർട്ടുകളുടെ നിർമ്മാണം എന്നിവ പൂർത്തീകരിച്ചു.

സുരക്ഷയുടെ ഭാഗമായി നവീന സാങ്കേതിക വിദ്യയിലുളള ഇല്യൂമിനേറ്റിങ്ങ് റോഡ് മാർക്കിംഗ്സ്, റിഫ്ലക്ടീവ് സ്റ്റഡ്സുകൾ, അപായ ബോർഡുകൾ, സൂചന ബോർഡുകൾ, സ്ഥലനാമ ഫലകങ്ങൾ എന്നിവയും പൂർത്തീകരിച്ചു.