ഏത് പ്രതിസന്ധി ഘട്ടത്തിലും തകരാതെ നില്ക്കാൻ പൊതുവിതരണ മേഖലക്ക് കഴിയും: ജി. ആർ അനിൽ

Share

ഒരു പ്രതിസന്ധിയിലും കേരളത്തിലെ പൊതുവിതരണ മേഖല തകരാനോ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാനോ സർക്കാർ അനുവദിക്കില്ലെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞുകരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണത്തെ 442-ാം നമ്പർ റേഷൻ കട കെ -സ്റ്റോർ ആക്കി ഉയർത്തുന്ന ചടങ്ങിൽ, ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ കടകളെ കാലാനുസൃതമായി പരിഷ്‌കരിക്കുകയെന്നതാണ് കെ -സ്റ്റോറിന് പിന്നിലെ ആശയമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.അമ്പിളി കെ -സ്റ്റോറിലെ ആദ്യ വില്പന നടത്തി.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കി മാറ്റിയത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നെടുമങ്ങാട് താലൂക്കിലെ മൂന്ന് റേഷൻ കടകളും രണ്ടാംഘട്ടത്തിൽ അഞ്ച് റേഷൻകടകളേയും കെ-സ്റ്റോർ ആക്കി ഉയർത്തിയിരുന്നു. മൂന്നാം ഘട്ട പദ്ധതിയിൽ നെടുമങ്ങാട് താലൂക്കിലെ 14 റേഷൻ കടകൾ കൂടി കെ-സ്റ്റോർ ആയി മാറും.

പദ്ധതി പ്രകാരം റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും നിലവിൽ റേഷൻകാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്‌റ്റോറുകളിലൂടെ ലഭ്യമാക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും ഘട്ടം ഘട്ടമായി കെ-സ്റ്റോറിൽ ലഭ്യമാക്കും.