10 ദിവസം നീണ്ടുനിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം: 2.48 കോടി അനുവദിച്ചു

Share

കേരളത്തിലെ തന്നെ സ്‌ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് 2.48 കോടി രൂപ അനുവദിച്ചു. ഈ മാസം ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. 10 ദിവസത്തോളം നീണ്ട് നിൽക്കുന്ന മഹോത്സവത്തിൽ ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ സ്വീവർ ലൈനുകളുടെ ക്ലീനിംഗ് എന്നീ പ്രവർത്തികൾ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നു. പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിനുള്ള ആകെ 11 റോഡുകളിൽ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ബാക്കി അറ്റകുറ്റ പണികൾ പുരോഗമിക്കുകയാണ്.

Ad 5

കെ.ആർ.എഫ്.ബിയുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഒരു റോഡ് ഫെബ്രുവരി 22നകം പൂർത്തിയാക്കും. ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കും. സ്മാർട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് റോഡുകൾ ഫെബ്രുവരി 22നകം പൂർത്തിയാക്കും. സ്മാർട്ട് സിറ്റി, കെ.ആർ.എഫ്. ബി എന്നിവയുടെ പണിപൂർത്തിയാക്കാനുള്ള റോഡുകളിൽ സബ് കളക്ടറും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തി പൊങ്കാലയ്ക്ക് അനുയോജ്യമാകാത്തവ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തും.

പൊങ്കാലയോടനുബന്ധിച്ച് പോലീസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാർക്കിംഗ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1000 വനിതാ പോലീസ് ഉൾപ്പടെ 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് എന്നീ വകുപ്പുകൾ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ, പൊങ്കാലയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ, തെരുവു നായ്ക്കളെ ക്ഷേത്രപരിസരത്തു നിന്നും മാറ്റി പുനരധിവസിപ്പിക്കുന്ന നടപടികൾ എന്നിവ നഗരസഭയിൽ നിന്നും പൂർത്തിയാക്കും. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രകാശിപ്പിക്കുന്നതിനും വൈദ്യുത വിതരണം തടസ്സമില്ലാതെ തുടരുന്നതിനു വേണ്ട നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടുണ്ട്. ഉത്സവാരംഭം മുതൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ കുത്തിയോട്ട കുട്ടികൾക്കായി 24 മണിക്കൂറും പീഡിയാട്രീഷ്യൻ ഉൾപ്പെട്ട മെഡിക്കൽ ടീം ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്നതുമാണ്.

പബ്ലിക് ടാപ്പുകളിൽ 24 മണിക്കൂറും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് ടാപ്പുകളും ഷവറുകളും സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് ഫെബ്രുവരി 23 നകം പൂർത്തിയാക്കും. റവന്യൂ, പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ്, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി, നഗരസഭ എന്നീ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ക്ഷേത്രപരിസരത്ത് ഉണ്ടായിരിക്കും.