കുട്ടികൾക്ക് സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നൽകുന്നതിന് പദ്ധതി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

Share

തിരുവനന്തപുരം: ഇന്റർനെറ്റ് മൊബൈൽ ഫോൺ സാമൂഹിക മാധ്യമങ്ങൾ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാൻ കഴിയും വിധം എല്ലാ കുട്ടികൾക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നൽകുന്നതിനു പദ്ധതി നടപ്പിലാക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്‌കൂൾ സമയം കഴിയുന്നതുവരെ ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്‌കൂൾ അധികൃതർ ഏർപ്പെടുത്തണം. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കും വിധത്തിലുളള പരിശോധനകൾ ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

സാമൂഹിക മാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനുളള പരിശീലനം കുട്ടികൾക്ക് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്റർനെറ്റും മൊബൈൽ ഫോണും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള പരിശീലന പദ്ധതി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നടപ്പിലാക്കണം. മൊബൈൽ ഫോൺ ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്തതായി മാറിക്കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകൾ വിവിധ വിഷയ സംബന്ധിയായ ആശയ വിനിമയങ്ങൾ അക്കാദമിക രേഖകളുടെ പങ്കുവയ്ക്കൽ തുടങ്ങി രക്ഷാകർതൃയോഗങ്ങൾ വരെ മൊബൈൽ ഫോണിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ സാമൂഹ്യമാധ്യമ സാക്ഷരത ആർജിക്കാനുളള അവസരങ്ങൾ ബോധപൂർവം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്.