വിഴിഞ്ഞം പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും: മന്ത്രി കെ.എൻ. ബാലഗോപാൽ

Share

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പദ്ധതി നിർമാണം തുടങ്ങിയതുമുതൽ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവൻ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായി ഇപ്പോൾ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ എത്തിനിൽക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മുഴുവൻ ജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തുറമുഖ നിർമാണം ആരംഭിച്ചശേഷം മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമായി ഏറ്റവും മികച്ച പുനരധിവാസ പാക്കേജാണു സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇതിനോടകം 100 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. തുറമുഖത്തിനായുള്ള കരാർ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളായിരുന്നു ശുപാർശ ചെയ്തത്. എന്നാൽ, സർക്കാർ കൂടുതൽ ഉദാരമായ വ്യവസ്ഥകളും നടപടികളുമാണു സ്വീകരിച്ചത്.