മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരും.

സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും നടപ്പിലാക്കും. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഷവർമ നിർമാണത്തിനും സംസ്ഥാനം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.