ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ക്യാമ്പയിൻ ഏഴുമാസത്തിനുള്ളിൽ ആരംഭിച്ചത് എൺപതിനായിരം പുതിയ സംരംഭങ്ങൾ: പി. രാജീവ്

Share

ആലപ്പുഴ : ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ ആവിഷ്‌കരിച്ച് ഏഴുമാസത്തിനുള്ളിൽ തന്നെ എൺപതിനായിരം പുതിയ സംരംഭങ്ങൾ എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കയർഫെഡിന്റെ ആലപ്പുഴയിലെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കയർ മേഖലയുടെ വികസനത്തിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐ.ഐ.എം, ഐ.ഐ.ടി പ്രതിനിധികൾ ഉൾപ്പെട്ട സമിതി മേഖലയിലെ അടിസ്ഥാനതലം തൊട്ടുള്ള പഠനം നടത്തും.അതിന്റെകൂടി വെളിച്ചത്തിലാവും കയർ മേഖലയുടെ വികസനങ്ങൾ ആവിഷ്‌കരിക്കുക എന്നും അടിമുടി മാറിയാൽ മാത്രമേ കയർ മേഖലയിൽ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. തൊഴിൽ അന്തരീക്ഷം മാറി വരികയാണ്. തൊഴിലാളികളെ നിയോഗിക്കേണ്ടത് മാനേജ്‌മെന്റിന്റെ അവകാശമാണ്. തൊഴിലാളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്. അന്തസ്സോടെയുള്ള തൊഴിലന്തരീക്ഷം ഉണ്ടായാലേ യുവതലമുറ കയർ മേഖലയിലേക്ക് വരുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

1979 ൽ ആലപ്പുഴ സെൻട്രൽ കയർ മാർക്കറ്റിംഗ് സംഘത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചകെട്ടിടത്തിലാണ് കഴിഞ്ഞ 40 വർഷത്തിലധികമായി കയർഫെഡിന്റെ ആസ്ഥാന മന്ദിരം പ്രവർത്തിച്ചുവന്നിരുന്നത്. ഈ കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം നവീകരിക്കുന്നതിന് ഭരണസമിതി സർക്കാരിന് സമർപ്പിച്ച പദ്ധതിപ്രകാരം അനുവദിച്ച 129 ലക്ഷം രൂപ ഉപയോഗിച്ചാണ് കയർഫെഡിന്റെ ആസ്ഥാന മന്ദിരം നവീകരിച്ചത്.