പത്തനംതിട്ട: മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു. മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും. തുടര്‍ന്ന് പിറ്റെ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എഡിഎം പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.
മകരവിളക്ക് ദര്‍ശനത്തിനുള്ളില്‍ ഓരോ പോയിന്റുകളിലും പരമാവധി തങ്ങാന്‍ കഴിയുന്ന ഭക്തരുടെ ഏകദേശ എണ്ണം പോലീസ് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തും. പാണ്ടിത്താവളത്ത് 26000 പേര്‍ക്കും ശ്രീകോവില്‍ പരിസരത്ത് മൂവായിരം പേരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വൈദ്യസഹായം, കുടിവെള്ളം, സ്ട്രെച്ചറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് ക്രമീകരിക്കുന്നതിനും ഭക്തര്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സന്നിധാനത്തെ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പൂര്‍ണ്ണമായി വിനിയോഗിക്കും.