ശബരിമല തീർത്ഥാടനത്തിന് കൂട്ടമായി എത്തുന്നവർക്ക് ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും: ആന്റണി രാജു

Share

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു . ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പമ്പാ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് പോകുന്നതിനും വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടതുന്നതിനും അവസരമുണ്ട്. നാല്‍പ്പതു പേരെങ്കിലുമുള്ള സംഘത്തിന് ബുക്ക് ചെയ്യുന്ന മുറക്ക് കെഎസ്ആര്‍ ടിസി ബസ് ക്രമീകരിക്കും. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നിലയ്ക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കും.

കഴിഞ്ഞ വര്‍ഷങ്ങളേക്കാൾ ഈ മണ്ഡലകാലത്ത് കെഎസ്അര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. 200 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനും, 300 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തും. മകരവിളക്കിന് ആയിരം ബസുകള്‍ സര്‍വീസ് നടത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.