കെഎസ്ആർടിസി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ; സർവ്വീസുകൾ മുടക്കരുതെന്ന് സിഎംഡി | KSRTC

Share

തിരുവനന്തപുരം; തിങ്കളാഴ്ച (ഡിസംബർ 20) മുതൽ കെഎസ്ആർ‌ടിസിയിൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കോവിഡിന് ശേഷമുള്ള റിക്കാർഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ചത്.

5.79 കോടി രൂപ. വെള്ളിയാഴ്ചയും അത് പോലെ വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ അത് 4.83 കോടിയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരണം നടത്തിക്കഴിഞ്ഞാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂ.

ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരി​ഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു.

ഇങ്ങനെയുള്ള ബഹിഷ്കരണം കാരണം സർവ്വീസ് മുടങ്ങുന്നത് കൊണ്ട് കെഎസ്ആർടിസിയെ ജനങ്ങളിൽ നിന്നും അകറ്റാനേ ഉപകരിക്കൂ.

അത് കൊണ്ട് തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൽ മേൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിൻമാറി സർവ്വീസ് നടത്തണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *