‘ഇന്ത്യയെ അറിയുക’ 66 – മത് എഡിഷന് ആഗസ്റ്റ് 7ന് ആഗസ്റ്റ് 7-ന് തുടക്കം

Share

ന്യൂ ഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന് ആഗസ്റ്റ് 7ന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ പ്രവാസി യുവാക്കളും വിദ്യാർത്ഥികളും 7 മുതൽ 13 വരെ കേരളം സന്ദർശിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്‌സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂതണം ചെയ്തിരിക്കുന്നത്. 6 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദർശനം നടത്തുക.

ഫിജി, ഗയാന, മലേഷ്യ, ഫ്രാൻസ്, ഇസ്രായേൽ, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാൻമാർ, ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിംബാംബ്‌വേ, ബെൽജിയം തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുളള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ, സംസ്ഥാന സർക്കാർ/നോർക്ക റൂട്ട്‌സ് പ്രതിനിധികൾ എന്നിവർ യാത്രയെ അനുഗമിയ്ക്കും.

ഇന്ത്യൻ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് ഇത്. സാമ്പത്തികം, വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം & സാങ്കേതികവിദ്യ, ആശയവിനിമയം & വിവര സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കൾ യാത്രയിലൂടെ നേരിട്ടറിയും.

കൊച്ചിൻ ഷിപ്പ്‌യാഡ്‌, വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം പക്ഷി സങ്കേതം തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകും.