കേരളം ഇലക്ട്രോണിക് ഹബ് ആയി മാറാനൊരുങ്ങുന്നു

Share

തിരുവനന്തപുരം: ഇലക്ട്രോണിക് ഘടകങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരു അർദ്ധചാലക പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും സ്ഥാപിക്കും. കെൽട്രോൺ, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി), ഇലക്‌ട്രോണിക് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ എന്നിവ സംയുക്തമായി തയ്യാറാക്കിയ പാർക്കിന്റെ സാധ്യതാ പഠനം ചർച്ച ചെയ്യാൻ വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

സെമികണ്ടക്ടർ ഫാക്ടറിയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയും സംബന്ധിച്ച് വിശദമായ പദ്ധതികൾ തയ്യാറാക്കും. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ, പാർക്കിൽ അർദ്ധചാലക അസംബ്ലിയും ടെസ്റ്റിംഗ് സൗകര്യവും, പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ, അർദ്ധചാലക രൂപകൽപ്പനയും പരിശീലന ഇക്കോസിസ്റ്റവും നടപ്പിലാക്കും.

ആദ്യ യൂണിറ്റുകൾ കൊച്ചിയിലും പാലക്കാട്ടും സ്ഥാപിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും ഈ സംരംഭവുമായി സഹകരിക്കും.പദ്ധതി യാഥാർഥ്യമാക്കാൻ 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് 10 ആഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. പദ്ധതിയിലൂടെ 1000 പേർക്ക് നേരിട്ടും 3000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പാർക്ക് യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് വ്യവസായികൾക്കും സംരംഭകർക്കും ഈ മേഖലയിൽ അനുബന്ധ സംരംഭങ്ങൾ ആരംഭിക്കാൻ അവസരമുണ്ടാകുമെന്ന് പി രാജീവ് പറഞ്ഞു.