ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവ്, അധികാര വികേന്ദ്രീകരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നിവയുടെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനില്‍ ഉള്‍പ്പെടുത്തി ജനകീയം- 2022 ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണം, പൗരബോധം, സ്വാതന്ത്ര്യസമരം, ശുചിത്വബോധം, കേരള ചരിത്രം, പ്രകൃതി സംരക്ഷണം, പൊതു വിജ്ഞാനം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് ക്വിസ്. ആലപ്പുഴ ജില്ലയിൽ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ അവസരം. ഓരോ സ്‌കൂളിനും രണ്ട് പേര്‍ അടങ്ങുന്ന ഒരു ടീമിനെ ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കാം. യൂണിറ്റ് തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് മത്സരം. ഓരോ തരത്തിലും വിജയിക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും.
യൂണിറ്റ് തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ജില്ലാ തലത്തില്‍ മത്സരിക്കാം. ജില്ലാതല മത്സരം ഒക്ടോബര്‍ 18-ന് ആലപ്പുഴയില്‍ നടക്കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലക്കാട് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂളില്‍ നിന്നും പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ വിവരം അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഒക്ടോബര്‍ 12-ന് വൈകിട്ട് നാലിനകം അറിയിക്കണം.