ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം, അരി ഉൾപ്പെടെ 6 ഇനങ്ങൾ ആന്ധ്രയിൽ നിന്ന് : ജി. ആർ. അനിൽ

Share

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ഇനിമുതൽ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് അരി വാങ്ങുന്നതിൽ ധാരണയിലായത്.

മലയാളികൾക്ക് ഏറ്റവും പ്രിയമുള്ള പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങൾ ആവശ്യകതയനുസരിച്ച് മിതമായ നിരക്കിൽ കേരളത്തിന് ലഭ്യമാക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ജയ അരി ഉൾപ്പെടെയുള്ള വിവിധ ഇനം അരി വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറ് ഇനം സാധനങ്ങൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങാൻ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിളകൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം സപ്പോർട്ട് നൽകിക്കൊണ്ടാണ് ആന്ധ്ര പ്രദേശിലെ കർഷകരിൽ നിന്നും ആന്ധ്ര പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കുന്നത്. എം.എസ്.പി വിലയ്ക്ക് കർഷകരിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ച് സംസ്‌കരണ ചെലവും കടത്തുകൂലിയും മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ആന്ധ്ര പ്രദേശ് സർക്കാർ കേരളത്തിലേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വില നിശ്ചയിക്കുക.