ബ്രഹ്മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി എം.ബി രാജേഷ്. കുറച്ച് മാസങ്ങൾക്കകം കേരളത്തിലെ എല്ലാ മാലിന്യക്കൂനകളും ഇല്ലാതാകും. റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കും.
കൊച്ചിയിലെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബി.പി.സി.എൽ തന്നെയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുക. കൂടാതെ കണ്ണൂർ, കൊല്ലം, ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
ബ്രഹ്മപുരം അപകടത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള അവസരമായാണ് സർക്കാർ കണ്ടത്. മാലിന്യമുക്ത കേരളം യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 2023 ലെ അപകട ശേഷം ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന് ഉറപ്പു നൽകിയിരുന്നു. അന്നതിനെ പരിഹസിച്ചവർ ഉണ്ട്. എന്നാൽ കൊച്ചിക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കുകയാണ്.
ബ്രഹ്മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുന്നത്. ബയോമൈനിംഗ് 75% പൂ൪ത്തിയായി. ആകെ കണക്കാക്കിയ 8,43,000 മെട്രിക് ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞു. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 46 % മാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് ഒരുങ്ങുന്നതും.